saji-cheriyan

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ നേതാക്കൾക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം തള്ളി സിപിഎം. മന്ത്രി പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.

പാർട്ടിക്ക് പറയാനുള്ളത് പാർട്ടി സെക്രട്ടറി പറയും. വിഷയത്തിൽ കേരള കോൺഗ്രസ് എം മാത്രം അഭിപ്രായം പറയേണ്ട കാര്യമില്ല. ഇടതുമുന്നണി അഭിപ്രായം പറയും. സജി ചെറിയാന്റെ പ്രസ്‌താവന പാർട്ടി പരിശോധിക്കും. ഇതിനുശേഷം ആവശ്യമായ നടപടി സ്വീകരിക്കും. സജി ചെറിയാന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. ഒരു മതത്തിനും വിശ്വാസത്തിനും സിപിഎം എതിരല്ല. ബിഷപ്പുമാർക്ക് പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, സജി ചെറിയാനെതിരെ യാക്കോബായ സഭയും രംഗത്തെത്തി. ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തതുകൊണ്ട് അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാടെന്ന് മീഡിയ കമ്മിഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നിനെ രാഷ്ട്രീയമായല്ല കാണുന്നത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്‌തുമസ് വിരുന്നിൽ പങ്കെടുക്കുന്നത് മര്യാദയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ക്രിസ്‌തുമസ് വിരുന്നിനും നവകേരള സദസിലും സഭയുടെ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്. അതും രാഷ്ട്രീയമല്ലെന്നും കുര്യാക്കോസ് മാർ തെയോഫിലോസ് വ്യക്തമാക്കി.

മന്ത്രിക്കെതിരെ ക്ളിമ്മിസ് കാതോലിക്ക ബാവയും രംഗത്തെത്തി. സജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്‌താവനയെന്ന് ക്ളിമ്മിസ് ബാവ പറഞ്ഞു. പ്രസ്‌താവന പിൻവലിക്കും വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസിയും പറഞ്ഞു.

കേരളത്തിലെ ഏറ്റവും സംസ്‌കാരമില്ലാത്തയാളാണ് സാംസ്‌കാരിക മന്ത്രിയെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് സജി ചെറിയാനെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ഒരാളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതുനയത്തിന്റെ ഭാഗമാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

ക്രിസ്മസ് വിരുന്നിന് ബിജെപി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നായിരുന്നു സജി ‌ചെറിയാന്റെ വിവാദ പരാമർശം. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും സജി ചെറിയാൻ ആരോപിച്ചിരുന്നു. ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.