
ടോക്കിയോ: തിങ്കളാഴ്ച വടക്കൻ മദ്ധ്യ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണം 30 ആയി. തകർന്ന കെട്ടിടങ്ങിൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും ഇന്ന് രാവിലെ അത് പിൻവലിച്ചു. ശക്തമായ തുടർചലനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മദ്ധ്യജപ്പാനിലെ ഹോൺഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. തുടർന്ന് ഇഷികാവയിൽ 1.2 മീറ്റർ ഉയരത്തിൽ തിരയടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വീടുകൾ തകരുകയും വലിയ തീപിടിത്തം ഉണ്ടാകുകയും റോഡുകൾ തകരുകയും ചെയ്തു. ഒരു ദിവസം കൊണ്ട് മാത്രം 155 ഭൂകമ്പങ്ങളാണ് രാജ്യത്ത് ഉണ്ടായത്. വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡാ പ്രതികരിച്ചിരുന്നു. ഇഷിക്കാവയിലെ നോട്ടോ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
New footage of devastating earthquake from Japan.
— Anees Khan Tareen (@anees_tareen) January 2, 2024
Keep Japanese people in your prayers. #Japan #Earthquake #Tsunami #NewYear pic.twitter.com/cZbHTSQELg
പ്രാദേശിക സമയം 4.06ന് ആദ്യ ഭൂകമ്പം അനുഭവപ്പെട്ടത്. നാല് മിനിറ്റിന് ശേഷം കൂടുതൽ ശക്തമായി അടുത്ത ഭൂകമ്പമുണ്ടായി. ആദ്യത്തെ ഭൂകമ്പം റിക്ടർ സ്കെയിലിൽ 5.7 ആണ് രേഖപ്പെടുത്തിയത്. രണ്ടാമത്തേത് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തി. എട്ട് മിനിറ്റിന് ശേഷം 6.1 തീവ്രതയിലും ഭൂകമ്പമുണ്ടായി. പിന്നീട് വിവിധ സമയങ്ങളിലായി തുടർ ഭൂചലനങ്ങൾ അനുഭവപ്പെടുകയായിരുന്നു.