j

ടോക്കിയോ: പടിഞ്ഞാറൻ തീരനഗരമായ ഇഷിക്കാവയിൽ പുതുവർഷദിനത്തിലുണ്ടായ ഭൂകമ്പത്തിൽ മരണം 48 ആയി. ഭൂകമ്പത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് നൽകിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുന്നറിയിപ്പ് പിൻവലിച്ചു. ഭൂകമ്പ ബാധിത മേഖലകളിൽ

ആയിരത്തോളം രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.

അതേസമയം ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. തീരമേഖലയിലെ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ തിങ്കളാഴ്ച മാത്രം 155 തവണ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുരന്തത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും ആളപായമുണ്ടായതായും ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിഡ ചൊവ്വാഴ്ച പറഞ്ഞു. ജപ്പാനിൽ ശീതകാലമായതിനാൽ വെള്ളം, ഭക്ഷണം, പുതപ്പുകൾ, ഇന്ധനം തുടങ്ങിയ അവശ്യ സാധനങ്ങൾ വിമാനങ്ങളോ കപ്പലുകളോ ഉപയോഗിച്ച് പ്രദേശത്തേക്ക് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഫ്യൂമിയോ കിഷിദ അറിയിച്ചു. ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം പ്രദേശത്തെത്താൻ രക്ഷാപ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാന റോഡുകളും ദേശീയപാതകളുമടക്കം സഞ്ചാരയോഗ്യമല്ലാത്തത് സൈന്യത്തിന്റെയും മറ്റും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തീരമേഖലയിലെ ആണവനിലയങ്ങൾക്ക് ഭൂകമ്പത്തിൽ തകരാർ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം ഭൂകമ്പത്തെത്തുടർന്ന് ആവശ്യമായ ഏത് സഹായവും നൽകാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തെത്തുടർന്ന് ജപ്പാൻ രാജകുടുംബം പുതുവത്സരാഘോഷം റദ്ദാക്കി.

തി​ങ്ക​ളാ​ഴ്ച വൈ​കിട്ടാണ് മധ്യജപ്പാനിലെ ഹോൺഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ​ഭൂചലനം അനുഭവപ്പെട്ടത്. തു​ട​ർ​ന്ന് ഇ​ഷി​ക്കാ​വ, ഹോ​ൻ​ഷു, ഹൊ​ക്കാ​യ്ഡോ ദ്വീ​പു​ക​ളി​ൽ സൂ​നാ​മി മു​ന്ന​റി​യി​പ്പും നൽകിയിരുന്നു.

വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു:
യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ടോകിയോ: റൺവേയിലിറങ്ങിയ വിമാനം കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ച് തീപിടിച്ചു.

ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലാണ് സംഭവം. റൺവേയിൽ ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടം. ജപ്പാൻ എയർലൈൻസിന്റെ ജെ.എ.എൽ 516 എന്ന വിമാനമം പൂർണ്ണമായും കത്തിയമർന്നു. പ്രദേശിക സമയം വൈകീട്ട് 5.47-ഓടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 379 യാത്രക്കാരെയും അടിയന്തരവാതിലിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാരേയും ജീവനക്കാരേയും സമയംപാഴാക്കാതെ പുറത്തെത്തിക്കാൻ കഴിഞ്ഞതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്‌.

ഭൂചലനമുണ്ടായ മേഖലകളിലേക്ക് സഹായമെത്തിക്കാന്‍ പോയ കോസ്റ്റ് ഗാർഡ് വിമാനമാണ് അപകടത്തിൽപെട്ടത്. പൈലറ്റ് രക്ഷപ്പെട്ടു എന്നൽ 5 കോസ്റ്റ് ഗാർഡ് ജീവനക്കാരെ കാണാതായി. അവടെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഹാനഡ വിമാനത്താവളത്തിൽനിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗാർഡും അറിയിച്ചു.