
കൊച്ചി: നാണയപ്പെരുപ്പ ഭീഷണി നേരിടാൻ പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പെട്രോൾ വിലയിൽ ലിറ്ററിന് പത്ത് രൂപയും ഡീസലിന് എട്ട് രൂപയും കുറയുമെന്നാണ് റിപ്പോർട്ടുകൾ. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധന വില കുറയ്ക്കാനുള്ള നിർദേശം കേന്ദ്ര ധനമന്ത്രാലയം എണ്ണക്കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം ഭരണ കക്ഷിയായ ബി.ജെ.പിയുടെ വിജയ സാദ്ധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് പുതിയ നിർദേശം. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞതിനാൽ നിലവിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില്പനയിൽ നിന്നും എണ്ണക്കമ്പനികൾ വൻ ലാഭമാണുണ്ടാക്കുന്നത്. എക്സൈസ് തീരുവ ഇളവിനൊപ്പം റിഫൈനറി ഗേറ്റ് വിലയും കുറച്ച് ഉപഭോക്താക്കൾക്ക് ആശ്വാസം പകരാനാണ് ആലോചിക്കുന്നത്.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 78 ഡോളറിലേക്ക് താഴ്ന്നതോടെ പെട്രോളിന് ലിറ്ററിന് എത്ത് രൂപയും ഡീസലിന് ഏഴ് രൂപയും ലാഭമാണ് കമ്പനികൾ നേടുന്നത്. അതിനാൽ വില ഇളവിലെ നഷ്ടത്തിന്റെ ഒരു ഭാഗം കമ്പനികളും സഹിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില റെക്കാഡ് ഉയരത്തിലെത്തിയതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് കേന്ദ്ര സർക്കാർ പെട്രോളിന്റെ നികുതി എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചിരുന്നു.
ക്രൂഡോയിലിന്റെ വിൻഡ്ഫാൾ നികുതി ഉയർത്തി
പെട്രോളിയം ക്രൂഡോയിലിന്റെ വിൻഡ്ഫാൾ നികുതി ടണ്ണിന് 1300 രൂപയിൽ നിന്നും 2,300 രൂപയായി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ക്രൂഡോയിൽ കയറ്റുമതിയിലൂടെ എണ്ണക്കമ്പനികൾ അധിക ലാഭമുണ്ടാക്കുന്നതിന് തടയിടുന്നതിനാണ് വിൻഡ്ഫാൾ നികുതി ഏർപ്പെടുത്തുന്നത്. ഇതോടൊപ്പം ഡീസലിന്റെ മേലുള്ള അൻപത് പൈസ നികുതി എടുത്തുകളയാനും സർക്കാർ തീരുമാനിച്ചു.
വിൻഡ്ഫാൾ നികുതി
ഏതെങ്കിലും പ്രത്യേക മേഖലയിൽ കമ്പനികൾ അസാധട്ടരണ ലാഭമുണ്ടാക്കുന്നതിന് നിയന്ത്രിക്കാൻ ഏർപ്പെടുത്തുന്ന നികുതിയാണ് വിൻഡ്ഫാൾ ടാക്സ്.