
ബ്യൂണസ് അയേഴ്സ്: ഇതിഹാസതാരം ലയണൽ മെസിക്ക് ശേഷം അർജന്റീന ഫുട്ബാൾ ടീമിന് പത്താം നമ്പർ ജേഴ്സി ഉണ്ടായിരിക്കില്ല. മെസി വിരമിച്ചു കഴിഞ്ഞാൽ പത്താം നമ്പർ ജേഴ്സിയും അനശ്വരമാകുമെന്നും മറ്റാർക്കും ഈ ജേഴ്സി നൽകില്ലെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ പറഞ്ഞു. മെസി അർജന്റീന ടീമിൽ നിന്ന് വിരമിച്ച ശേഷം പത്താം നമ്പർ മറ്റാർക്കും നൽകില്ല. അതാണ് ഞങ്ങൾക്ക് അദ്ദേഹത്തോട് ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം. - ടാപ്പിയ പറഞ്ഞു.
മറ്റൊരു അർജന്റീനൻ ഇതിഹാസ താരം ഡിഗോ മറഡോണയും പത്താം നമ്പർ ജേഴ്സിയാണ് ധരിച്ചിരുന്നത്. അദ്ദേഹത്തിന് ശേഷവും പത്താം നമ്പർ ജേഴ്സി പിൻവലിക്കാൻ 2002 ൽ അർജന്റീന തീരുമാനിച്ചിരുന്നു. എന്നാൽ ആ വർഷം നടന്ന ലോകകപ്പിൽ 1 മുതൽ 23 വരെയുള്ള നമ്പരുകൾ നിർബന്ധമായി വേണമെന്ന തീരുമാനം വന്നതോടെ ആ നീക്കം നടന്നില്ല.