train

ആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍പ്പെട്ട് യുവാവിന്റെ കൈ അറ്റുപോയി. ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് പൂനെയിലേക്ക് പോയ നാഗ്പൂര്‍ സ്വദേശി രവിയാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരം നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിലെ യാത്രക്കാരനായിരുന്നു രവി.

കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങിക്കാനിറങ്ങിയതായിരുന്നു രവി. പിന്നീട് ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് വൈകുന്നേരം നാല് മണിക്കാണ് അപകടമുണ്ടായത്. ട്രെയിനില്‍ നിന്ന് ഇയാള്‍ പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കൈ കുടുങ്ങി അറ്റുപോകുകയായിരുന്നു.

നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. അറ്റുപോയ കൈ ഉള്‍പ്പെടെയാണ് രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.