g

തെൽഅവീവ്: ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ആക്രമണത്തിൽനിന്ന് രക്ഷ​​പ്പെട്ട ഇസ്രാ​യേൽ പൗരന്മാർ ഇസ്രായേൽ സർക്കാറിനും സൈന്യത്തിനും പൊലീസിനുമെതിരെ നിയമനടപടി സ്വീകരിക്കുന്നു. സംഭവദിവസം തെക്കൻ ഇസ്രായേലിൽ നടന്ന സൂപ്പർനോവ സംഗീതോത്സവത്തിൽ ഏകദേശം 3,500 പേരാണ് പ​ങ്കെടുത്തത്. ‘തൂഫാനുൽ അഖ്സ’ എന്ന പേരിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 260 പേർ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട 42 പേരാണ് നഷ്ടപരിഹാരം ​തേടി കേസ് കൊടുത്തതെന്ന്. ഇസ്രായേൽ സൈന്യം, ഇസ്രായേൽ പ്രതിരോധ മന്ത്രാലയം, പൊലീസ് സേന, രഹസ്യാന്വേഷണ സേവനവിഭാഗമായ ഷിൻ ബെറ്റ് എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസ്. ഇവരിൽ നിന്ന് 466.57 കോടിരൂപ (56 മില്യൺ ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി ഫയൽ ചെയ്തു. ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർക്ക് ഒറ്റ ഫോൺ കോൾ വഴി ഇവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തങ്ങളുടെ മാനസികവും ശാരീരികവുമായ പരിക്കുകൾക്ക് സൈന്യമാണ് ഉത്തരവാദിയെന്നും പരാതിക്കാർ പറഞ്ഞു.

മധ്യ, തെക്കൻ ഗാസയിലെ കനത്ത ബോംബാക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 200 ലധികം ആളുകൾ കൊല്ലപ്പെട്ടതായി പാലസ്തീൻ അധികൃതർ പറഞ്ഞു. ഇസ്രായേൽ സൈന്യം അധിനിവേശ വെസ്റ്റ്ബാങ്കിൽ മാരകമായ റെയ്ഡുകൾ നടത്തി, അസുൻ, ജെനിൻ എന്നിവിടങ്ങളിൽ കുറഞ്ഞത് അഞ്ച് പാലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 33 പേരെ അറസ്റ്റ് ചെയ്തതായി തുർക്കി അറിയിച്ചു, തുർക്കിയിലെ എട്ട് പ്രവിശ്യകളിലാണ് പരിശോധന നടത്തിയതെന്നും 13 പേരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ആധികൃതർ അറിയിച്ചു. തുർക്കിയിലെ വിദേശികളെ ലക്ഷ്യമിട്ട് മൊസാദ് നടത്തിയ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 46 പേർക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഇസ്താംബൂളിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ഇസ്രായേൽ ചാരസംഘടന മൊസാദുമായി ബന്ധമുള്ള ഒരു സ്ത്രീയടക്കം നാലു പേരെ ഡിസംബർ 29ന് ഇറാൻ തൂക്കിലേറ്റിയിരുന്നു. സമാന കാരണങ്ങളാൽ രണ്ടാഴ്ച മുമ്പ് ഒരാളെ തൂക്കിലേറ്റിയിരുന്നു.

രാജ്യത്തിന്റെ ഹൈക്കോടതിയുടെ അധികാരം പിൻവലിക്കുന്ന നെതന്യാഹു സർക്കാർ പാസാക്കിയ വിവാദ നിയമം ഇസ്രായേൽ സുപ്രീം കോടതി റദ്ദാക്കി.

അതേസമയം, ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ട് മൂന്നുമാസം പിന്നിട്ടിട്ടും ഒരുബന്ദിയെ പോലും സൈനിക നടപടിയിലൂടെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 22000 പാലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേൽ അധിനിവേശ സേന, ഒടുവിൽ 5 ബ്രിഗേഡുകളിലെ നിരവധി ​സൈനികരെ കരയുദ്ധത്തിൽനിന്ന് പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്.