t20

കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് നിലവിൽ ടീം ഇന്ത്യ. നാളെയാണ് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുക. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ത്യ-അഫ്‌ഗാൻ ടി20 പരമ്പരയുമുണ്ട്. ഈ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ ബിസിസിഐയ്‌ക്ക് തലവേദനയായി വലിയൊരു പ്രശ്‌നം മുന്നിലുണ്ട്. ഈ വർഷം പകുതിയോടെ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് സെലക്ഷനാണത്. ടീമിലെ അവിഭാജ്യ ഘടകങ്ങളായ മുതിർന്ന താരങ്ങൾ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ, വിരാട് കൊഹ്‌ലി എന്നിവരുടെ ടി20 ഭാവിയെ സംബന്ധിച്ചാണ് പ്രശ്‌നം.

ഇപ്പോൾ മിന്നുന്ന ഫോമിലുള്ള കൊഹ്‌ലിയ്‌ക്കും രോഹിത്തിനും ജൂണിൽ നടക്കുന്ന ലോകകപ്പ് കളിക്കാൻ താൽപര്യമുണ്ട് എന്നാണ് സൂചന. എന്നാൽ മുതിർന്ന താരങ്ങളായ ഇരുവരുടെയും കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിനെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കറും അംഗങ്ങളായ ശിവസുന്ദർ ദാസ്, സലിൽ അങ്കോള എന്നിവർ കാണാൻ പോകുകയാണ്. ദ്രാവിഡിനൊപ്പം ഇക്കാര്യത്തിൽ രോഹിത്ത്, കൊഹ്‌ലി എന്നിവരോടും സെലക്ഷൻ കമ്മിറ്റി ചർച്ച ചെയ്യും. അഫ്‌ഗാനെ നേരിടുന്ന ടീമിനെ പ്രഖ്യാപിക്കും മുൻപാകും ഈ കൂടിക്കാഴ്‌ചകൾ.

ഇന്ത്യയ്‌ക്കായും ഐപിഎല്ലിലും കളിക്കുന്ന 30 താരങ്ങളുടെ പ്രകടനത്തെ ഇതിനുമുൻപായി ബിസിസിഐ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. വരുന്ന ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങൾക്ക് അപ്പുറം ഇരുവരും കളിക്കുമെന്ന് സൂചനയില്ല. ഇതിനുശേഷം ഐപിഎൽ ആരംഭിക്കുന്നതിനാലാണിത്. ലോകകപ്പിനായി ഒരു പ്രധാന കളിക്കാരന്റെ ജോലിഭാരം കുറയ്‌ക്കണമെന്ന് ഫ്രാഞ്ചൈസികളോട് ആവശ്യപ്പെടാൻ ബിസിസിഐയ്‌ക്കാകില്ല.ഒരു സ്ഥാനത്തേക്ക് രണ്ട് താരങ്ങളെയാണ് ബിസിസിഐയ്‌ക്ക് തിരഞ്ഞെടുക്കേണ്ടി വരിക. നിലവിൽ പരിക്കേറ്റ് പുറത്തായ ഹാർദ്ദിക് പാണ്ഡ്യ, ടി20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവ് എന്നിവർ അഫ്‌ഗാനിസ്ഥാൻ പരമ്പരയിൽ ഉണ്ടാകില്ലെന്ന് ഉറപ്പാണ്.