crime

വാരാണസി: പുതുവത്സരാഘോഷത്തിനിടെ അഭിഭാഷകനെ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് വെടിവെച്ച് കൊന്നു. അഭിഭാഷകനായ രാഘവേന്ദ്ര സിംഗാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജോലിക്കാരനായ ഹര്‍ദേന്ദു ശേഖര്‍ ത്രിപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശേഖറിനെ രാഘവേന്ദ്ര ജാതീയമായി അധിക്ഷേപിച്ചതാണ് കൊലപാതകത്തിന് കാരണം.

ഉത്തര്‍പ്രദേശിലെ ലാല്‍പുര്‍-പാണ്ഡെപുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രാഘവേന്ദ്ര സിംഗും സുഹൃത്തുക്കളും പ്രദേശത്തെ ഒരുമൈതാനത്താണ് പുതുവത്സരാഘോഷത്തിനായി ഒത്തുചേര്‍ന്നിരുന്നത്. രാഘവേന്ദ്ര സിംഗിന്റെ സുഹൃത്തും സെക്യൂരിറ്റി ഏജന്‍സി ഉടമയുമായ ഗൗരവ് സിങ്ങും ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.

ഗൗരവ് സിങ്ങിനൊപ്പമാണ് ശേഖര്‍ ഇവിടെയെത്തിയത്. ആഘോഷത്തിനിടെ ശേഖറിനെ ജാതീയമായി അധിക്ഷേപിക്കുന്നരീതിയില്‍ രാഘവേന്ദ്ര ചില പരാമര്‍ശങ്ങള്‍ നടത്തി. ഇതോടെ പ്രകോപിതനായ പ്രതി കൈയിലുണ്ടായിരുന്ന തോക്ക് കൊണ്ട് രാഘവേന്ദ്രയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ അഭിഭാഷകനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.