
കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരത്തിന് ഇന്ന് കേപ്ടൗണിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ ഇന്നിംഗ്സ് ജയം നേടിയ ദക്ഷിണാഫ്രിക്ക പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കൂ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഇന്നിംഗ്സിനും 32 റൺസിനും കൂറ്റൻ തോൽവിയാണ് ഇന്ത്യ ഒന്നാം ടെസ്റ്റിൽ വഴങ്ങിയത്.
മൂന്ന് ദിവസത്തിൽ മത്സരമവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിന് മുന്നിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര തകരുന്ന കാഴ്ചയാണ് ആദ്യ ടെസ്റ്റിൽ കാണാനായത്. അതിനാൽ തന്നെ നിർണായക മത്സരത്തിൽ വലിയ തയ്യാറെടുപ്പുകളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. തോൽവിക്ക് ശേഷം ഓവർ റേറ്റിന്റെപേരിൽ പിഴയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് നഷ്ടം എന്നീ തിരിച്ചടികളും ഇന്ത്യയ്ക്ക് ഉണ്ടായി.
ബൈ ബൈ എൽഗാർ
ദക്ഷിണാഫ്രിക്കൻ താരം ഡീൻ എൽഗാറിന്റെ വിടവാങ്ങൽ ടെസ്റ്റുകൂടിയാണിത്. ടെംബ ബൗമയ്ക്ക് പരിക്കേറ്റതിനാൽ വിടവാങ്ങൽ മത്സരത്തിൽ ടീമിനെ നയിക്കുകയെന്ന അപൂർവ അവസരവും എൽഗാറിന് ലഭിച്ചു. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് എൽഗാർ.
തിരിച്ചടിക്കാൻ ഇന്ത്യ
വലിയ തോൽവിയിൽ നിന്ന് പാഠം പഠിച്ചാണ് പ്രതികൂല സാഹചര്യത്തിലും തിരിച്ചടിക്കാമെന്ന ശുഭപ്രതീക്ഷയോടെ രോഹിത് ശർമ്മയും സംഘവും ഇറങ്ങുന്നത്. സെഞ്ചൂറിയൻ വേദിയായ ആദ്യ ടെസ്റ്റിൽ കളിക്കാൻ കഴിയാതിരുന്ന രവീന്ദ്ര ജഡേജ ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ദക്ഷിണാഫ്രിക്കൻ ബൗളർമാർ മിന്നിത്തിളങ്ങിയ സെഞ്ചൂറിയനിലെ പിച്ചിൽ ജസ്പ്രീത് ബുംറയൊഴികെ മറ്റൊരു ഇന്ത്യൻ ബൗളർക്കും കാര്യമായി ശോഭിക്കാനായില്ല. ചേഞ്ച് ബൗളർമാരായ അരങ്ങേറ്റ മത്സരം കളിച്ച പ്രസിദ്ധ് കൃഷ്ണയും പേസ് ഓൾറൗണ്ടർ ഷർദുൽ താക്കൂറും 39 ഓവറിൽ വിട്ടുകൊടുത്തത് 194റൺസാണ്. നേടാനായത് രണ്ട് വിക്കറ്റും. ഇരുവരിലൊരാൾ ഉറപ്പായും ഇന്ന് ആദ്യ ഇലവനിൽ കാണില്ലെന്നാണ് വിവരം. മുകേഷ് കുമാറും ആവേശ് ഖാനും ഊഴം കാത്ത് പുറത്തുണ്ട്. ഷർദുലിന്റെ കൈക്ക് ഒന്നാം ടെസ്റ്റിന് ശേഷം പരിക്കേറ്റെങ്കിലും ഭേദമായിട്ടുണ്ട്.
സാധ്യതാ ടീം: രോഹിത്, ജയ്സ്വാൾ, ഗിൽ, കൊഹ്ലി,ശ്രേയസ്, രാഹുൽ, ജഡേജ, ഷർദുൽ,ബുംറ, സിറാജ്, പ്രസിദ്ധ്/മുകേഷ്.
തൂത്തുവാരാൻ
ദക്ഷിണാഫ്രിക്ക
ഏകദിന പരമ്പര ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് വച്ചതിന്റെ ക്ഷീണം ടെസ്റ്റ് പരമ്പര തൂത്തുവാരി തീർക്കാനുറച്ചാണ് ദക്ഷിണാഫ്രിക്ക പാഡ് കെട്ടുന്നത്. ഇന്ത്യയോളം സമ്മർദ്ദവും ദക്ഷിണാഫ്രിക്കയ്ക്ക് ഇല്ല. പരിക്കേറ്റ ക്യാപ്ടൻ ബൗമയുടെ പകരക്കാരനായി ലോക്കൽ ബോയി സ്വുബായിർ ഹംസ ടീമിലിടം നേടിയിട്ടുണ്ട്.
അദ്ദേഹം അവസാന ഇലനിലും ഇടം നേടാൻ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്ക എയ്ക്കും ലയൺസിനുമായി കഴിഞ്ഞമാസം സെഞ്ച്വറികൾ നേടിയ ഹംസ മികച്ച ഫോമിലാണ്.
സാധ്യതാ ടീം: എൽഗാർ, മർക്രം, സ്വോർസി, പീറ്റേഴ്സൺ,ഹംസ,ബെഡിംഗ്ഹാം, വെരിന്നി, ജാൻസൺ, മഹാരാജ/എൻഗിഡി, റബാഡ,ബർഗർ.