
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ പുതുവർഷത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂകാസിലിനെ 4-2ന് തകർത്ത് ലിവർപൂൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. പെനാൽറ്റിയിൽ നിന്ന് ഉൾപ്പെടെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലയുടെ ഇരട്ടഗോളുകളാണ് ലിവറിന് ജയമൊരുക്കിയത്.
കുർട്ടിസ് ജോൺസ്, കോഡി ഗാക്പോ എന്നിവരും ലിവറിനായി ലക്ഷ്യം കണ്ടു. അലക്സാണ്ടർ ഇസാകും സ്റ്റീവൻ ബോട്ട്മാനുമാണ് ന്യൂകാസിലിന്റെ സ്കോറർമാർ. ആദ്യപകുതിയിൽ ഇരുടീമിനും ഗോളുകൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിലാണ് ആറ് ഗോളുകളും വീണത്.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ പുറത്തെടുത്തത്. ഗോളി ഡുബ്രാവ്കയുടെ മികച്ച പ്രകടനമാണ് ന്യൂകാസിലിന്റെ തോൽവി ഭാരം ഇത്രയെങ്കിലും കുറച്ചത്. ക്രോസ് ബാറിന് കീഴിൽ പത്തോളം സേവുകളാണ് ഡുബ്രാവ്ക നടത്തിയത്.
20 മത്സരങ്ങളിൽ നിന്ന് 45 പോയിന്റാണ് ലിവർപൂളിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 42 പോയിന്റുണ്ട്.
സല@150
മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ മുഹമ്മദ് സല ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഒരു ക്ലബിനായി 150 ഗോളുകൾ നേടുന്ന അഞ്ചാമത്തെ താരമായി.
ടോട്ടനം താരമായിരുന്ന ഹാരികേൻ (213),മാൻ.സിറ്റിയുടെ സെർജിയോ അഗ്യൂറോ (184),വെയ്ൻ റൂണി (മാൻ. യുണൈറ്റഡ് 183), തിയറി ഹെൻറി (ആഴ്സനൽ 175) എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളവർ.