
ബജ്രംഗ് പൂനിയയെ ഒഴിവാക്കി,
ന്യൂഡൽഹി: വലിയ വിവാദങ്ങൾക്കിടെ സാഗ്രബ് ഓപ്പൺ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള 13 അംഗ ടീമിനെ കേന്ദ്ര സർക്കാർ നിയോഗിച്ച അഡ് ഹോക്ക് കമ്മിറ്റി പ്രഖ്യാപിച്ചു. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷണെതിരെ സമരം ചെയ്തവരിൽ പ്രധാനിയായ ബജ്‌രംഗ് പൂനിയ, അൻതിം പംഗൽ എന്നിവരുൾപ്പെടെ 5 പേരെ ഒഴിവാക്കിയാണ് അഡ്ഹോക്ക് കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചത്. അഞ്ച് വിഭാഗങ്ങളിൽ മത്സരിക്കാനാളില്ല.
ഒളിമ്പ്ക്സ് മെഡൽ ജേതാവായ ബജ്‌രംഗ് കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡൽ ഇല്ലാതെ മടങ്ങിയിരുന്നു. താരംമാറ്റ് ട്രെയിനിംഗ് ഉൾപ്പെടെ ആരംഭിക്കാത്തതിനാലാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നത്. തള്ള വിരലിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടിരിക്കുകയാണെന്നും കൃത്യമായി പരിശീലനം തുടങ്ങിയില്ലെന്നും ബജ്‌രംഗും അറിയിച്ചു. 9ന് നടക്കുന്ന ചടങ്ങിൽ അർജ്ജുന അവാർഡ് സ്വീകരിക്കേണ്ടതിനാലാണ് അൻതിം പങ്കെടുക്കാത്തതെന്നാണ് വിവരം. ജനുവരി 10 മുതൽ 14വരെ ക്രൊയേഷ്യയിലെ സാഗ്രബിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ഈ വർഷത്തെ ആദ്യ ലോകറാങ്കിംഗ് ടൂർണമെന്റാണ്.