
തിരുവനന്തപുരം: നഗരത്തിൽ തെരുവുനായ്ക്കൾക്ക് ഫീഡിംഗ് കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതിക്ക് താത്പര്യമറിയിച്ച് മുന്നോട്ടുവന്നത് 32 പേർ. ഫീഡിംഗ് സ്റ്റേഷനുകൾ വരുന്നതോടെ നായ്ക്കൾക്ക് അനധികൃതമായി ഭക്ഷണം നൽകുന്നതിന് അവസാനമുണ്ടാക്കാൻ കഴിയുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനായി ഫീഡിംഗ് സ്‌പോട്ടുകളും ഭക്ഷണം നൽകുന്നവർക്ക് പാസും ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുത്തത്. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് നായ്ക്കൾ കൂടുതൽ അക്രമാസക്തരാകുന്നതെന്നത് പരിഗണിച്ചാണ് ഫീഡിംഗ് കേന്ദ്രങ്ങൾ ഒരുക്കാൻ തീരുമാനിച്ചത്. കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് നഗരസഭ നിരന്തരം പരിശോധിക്കും.
ആശുപത്രികൾ,സ്‌കൂളുകൾ,ബസ്സ്റ്റാൻഡുകൾ,ബസ് സ്റ്റോപ്പുകൾ തുടങ്ങി പൊതുജന സാന്നിദ്ധ്യമുള്ള സ്ഥലങ്ങൾ ഒഴിവാക്കിയായിരിക്കും ഫീഡിംഗ് സ്‌പോട്ടുകൾ സ്ഥാപിക്കുക. ഏതൊക്കെ സ്ഥലങ്ങളാണെന്നത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി കണ്ടെത്തും. സ്ഥലത്തെ ജനത്തിരക്ക് ഉൾപ്പെടെ വിശദമായി പരിശോധിക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാനവീയം,മ്യൂസിയത്തിനു സമീപം,വഴുതക്കാട് വനംവകുപ്പ് ഓഫീസിനു സമീപം തുടങ്ങി 194 സ്ഥലങ്ങൾ തത്വത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പീപ്പിൾ ഫോർ അനിമൽ,കമ്മ്യൂണിറ്റി ഡോഗ് ബ്രീഡേഴ്സ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ കണ്ടെത്തിയത്. ഇവ ഫീഡിംഗ് സ്‌പോട്ടുകൾക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കും. വാർഡ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ഫീഡിംഗ് സ്‌പോട്ടുകളിൽ അന്തിമ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
വ്യവസ്ഥകൾ
ഭക്ഷണം കൊടുക്കുന്നവർ കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കണം.
ജനത്തിരക്ക് കുറഞ്ഞ സമയത്താകും ഫീഡിംഗ്.
ഭക്ഷണം നൽകുന്നവർ സ്ഥലവും വൃത്തിയാക്കണം.
വാക്സിനേഷൻ അടക്കമുള്ളവയെക്കുറിച്ച് ധാരണ വേണം.
വാക്സിനേഷൻ വിവരങ്ങൾ കോർപ്പറേഷനെ അറിയിക്കണം.