modi

തൃശൂർ: ബിജെപിയും മഹിളാമോർച്ചയും സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിലും റോഡ് ഷോയിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് രണ്ടിന് കുട്ടനെല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ കളക്ടർ വി ആർ കൃഷ്ണ തേജ സ്വീകരിക്കും. കാറിൽ തൃശൂർ സ്വരാജ് റൗണ്ടിലെത്തുന്ന അദ്ദേഹത്തെ ബിജെപി ദേശീയ - സംസ്ഥാന നേതാക്കൾ സ്വീകരിക്കും.

ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. തെക്കേഗോപുര നട, മണികണ്ഠനാൽ, നടുവിലാൽ വഴി നായ്‌ക്കനാലിൽ സമാപിക്കും. മൂന്നിന് തേക്കിൻകാട് മൈതാനിയിൽ രണ്ട് ലക്ഷം വനിതകളുടെ സംഗമത്തിൽ പ്രധാനമന്ത്രി സംസാരിക്കും.

ചലച്ചിത്ര നടി ശോഭന, ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ എം.പി, ക്രിക്കറ്റ് താരം മിന്നു മണി, ക്ഷേമപെൻഷൻ സമരനായിക മറിയക്കുട്ടി, സാമൂഹ്യപ്രവർത്തക ഉമ പ്രേമൻ, വെച്ചൂർ പശുക്കൾക്കായി ജീവിതം ഉഴിഞ്ഞു വച്ച ഡോ. ശോശാമ്മ ഐപ്പ്, വ്യവസായ പ്രമുഖ ബീന കണ്ണൻ തുടങ്ങിയ പ്രമുഖ വനിതകൾ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും.

കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവ്ദേക്കർ എം.പി, രാധാമോഹൻ അഗർവാൾ എം.പി, ദേശീയ നേതാക്കളായ എ പി അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സുരേഷ് ഗോപി, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമാർ തുടങ്ങി നാൽപ്പതോളം പേർ വേദിയിലുണ്ടാകും. നാലരയോടെ മോദി നെടുമ്പാശേരിയിലേക്ക് മടങ്ങും.

നഗരം പൊലീസ് വലയത്തിൽ

കർശനമായ സുരക്ഷയാണ് തൃശൂരിൽ. നഗരം എസ് പി ജി നിയന്ത്രണത്തിലാണ്. ഇന്നലെ കുട്ടനെല്ലൂരിൽ നിന്ന് എസ് പി ജിയുടെയും സിറ്റി പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ട്രയൽ റൺ നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ 101കലാകാരന്മാർ വാദ്യവിസ്മയവും ഒരുക്കി. ഇന്ന് രാവിലെ മുതൽ ഗതാഗത നിയന്ത്രണമുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, ജോർജ്ജ് കുര്യൻ, സി കൃഷ്ണ കുമാർ, അഡ്വ.പി സുധീർ, ബി ഗോപാലകൃഷ്ണൻ, എ നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ കെ അനീഷ് കുമാർ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്ണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.