
തിരുവനന്തപുരം: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്‌തുമസ്- പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മസ്‌കറ്റ് ഹോട്ടലിലാണ് ചടങ്ങുകൾ നടക്കുന്നത്. വിരുന്നിൽ ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുക്കുന്നത്. സർക്കാർ-ഗവർണർ പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേയ്ക്ക് ക്ഷണിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ്, ബിജെപി നേതാക്കളെയും വിരുന്നിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇവരാരും പങ്കെടുക്കാൻ സാദ്ധ്യതയില്ല. സജി ചെറിയാൻ വിവാദമായ വീഞ്ഞും കേക്കും പരാമർശം പിൻവലിച്ചതിനാൽ കെസിബിസി പ്രതിനിധികൾ പങ്കെടുത്തേയ്ക്കും. കഴിഞ്ഞവർഷത്തെ വിരുന്നിൽ 570 പേർ പങ്കെടുത്തിരുന്നു. 9,24, 160 രൂപയായയിരുന്നു മൊത്തച്ചെലവ്.
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ സർക്കാരുമായി സഹകരിക്കില്ലെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രി പറഞ്ഞത് സർക്കാരിന്റെ നിലപാടാണോ അല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടിരുന്നു.
ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നും സജി ചെറിയാൻ ആലപ്പുഴയിൽ നടത്തിയ പരാമർശമാണ് വിവാദമായത്. ഈ പരാമർശങ്ങളാണ് മന്ത്രി പിൻവലിച്ചത്. പരാമർശം പിൻവലിച്ചതിനെ കെസിബിസി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.