k-b-ganesh-kumar

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ രണ്ട് പുതിയ മന്ത്രിമാർ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. നവകേരള സദസിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണ് ചേരുന്നത്. രാവിലെ പത്തിനാണ് സെക്രട്ടറിയേറ്റിൽ യോഗം ചേരുന്നത്.

നിയമസഭാ സമ്മേളനം ഈ മാസം 25ന് ചേരുന്ന ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങാനും സംസ്ഥാന ബ‌ഡ്‌ജറ്റ് അവതരണം ഫെബ്രുവരി രണ്ടിന് നടത്താനുമാണ് സർക്കാർ ആലോചിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി ഒൻപതിന് സഭ പിരിയാനാണ് സാദ്ധ്യത.

കഴിഞ്ഞ ദിവസമാണ് രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. എൽ.ഡി.എഫ് ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയാക്കിയ അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ രാജിവച്ച ഒഴിവിലാണ് ഇവർ ചുമതലയേറ്റത്.

കടന്നപ്പള്ളിയ്ക്ക് രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ് എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഗണേഷ് കുമാറിന് റോഡ് ഗതാഗതം, മോട്ടോർ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകളും നൽകി. അതേസമയം,​ ട്രാൻസ്പോർട്ടിനൊപ്പം സിനിമയും വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം സർക്കാർ തള്ളുകയും ചെയ്തു.