
ന്യൂഡൽഹി: വെർച്വൽ റേപ്പിനിരയായി എന്നാരോപിച്ച് 16കാരി പൊലീസിൽ പരാതി നൽകി. യുകെയിലാണ് സംഭവം. കുട്ടിയുടെ ഡിജിറ്റൽ രൂപം ഉപയോഗിച്ച് വെർച്വൽ റിയാലിറ്റി ഗെയിമിലൂടെയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടർന്ന് പെൺകുട്ടി മാനസികമായി വളരെയേറെ തകർന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുകെയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്.
വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഗെയിം കളിക്കാനെത്തിയപ്പോൾ ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. സാധാരണ ഒരു കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അതേ വൈകാരികവും മാനസികവുമായ ആഘാതം തന്നെയാണ് ഈ കുട്ടിയും അനുഭവിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. യുകെയിൽ പൊലീസ് അന്വേഷിക്കുന്ന ആദ്യ വെർച്വൽ ലൈംഗിക കുറ്റകൃത്യമാണിത്.
രാജ്യത്ത് നിലവിൽ വെർച്വൽ റേപ്പിനെതിരെ നിയമങ്ങളൊന്നും ഇല്ലാത്തതിനാൽ ഇത് പൊലീസുകാർക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കൃത്യം നടക്കുന്ന സമയത്ത് കുട്ടി ഏത് ഗെയിമിലാണ് പങ്കെടുത്തിരുന്നത് എന്ന കാര്യവും വ്യക്തമല്ല.
ഇത് ഓൺലൈനായി നടന്നതാണെന്ന് കരുതി നിസാരമായി തള്ളരുതെന്നും കുട്ടിയുടെ മാനസികാവസ്ഥ മനസിലാക്കി കൃത്യമായ അന്വേഷണം നടത്തണമെന്നും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പൊലീസുകാർക്ക് നിർദേശം നൽകി. ഡിജിറ്റലായി ഇത്രയും ക്രൂരത കാണിച്ച പ്രതികൾ ഒരു കുട്ടിയെ നേരിൽ കണ്ടാൽ എത്ര മോശമായി പെരുമാറും എന്നതോർന്ന് ഭയമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെർച്വൽ റേപ്പ് കേരളത്തിലും
വിദേശ രാജ്യങ്ങളിൽ മാത്രമല്ല, കേരളത്തിലുൾപ്പെടെ വെർച്വൽ റേപ്പുകൾ നടന്നിട്ടുള്ളതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ അല്ലെങ്കിൽ സ്ത്രീയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അതിന് താഴെ അശ്ലീല കമന്റുകൾ ഓരോരുത്തരായി ഇടും. ആ സ്ത്രീയെ എങ്ങനെയൊക്കെ റേപ്പ് ചെയ്യാൻ എന്നതിനെ പറ്റി ചർച്ച ചെയ്യുക. ഇതിനെയാണ് വെർച്വൽ റേപ്പ് എന്ന് പറയുന്നത്. ബാലതാരങ്ങൾ ഉൾപ്പെടെയുള്ള സിനിമാ നടികൾ, രാഷ്ട്രീയത്തിലെ ഉന്നതരായ സ്ത്രീകൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ വെർച്വൽ റേപ്പിന് ഇരകളായിട്ടുണ്ട്. വെർച്വൽ റേപ്പ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരടക്കം പറയുന്നത്.