train

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ തന്നെ മാറ്റിയ മാസ് എന്‍ട്രിയാണ് വന്ദേഭാരത് എക്സപ്രസ് നടത്തിയത്. രൂപത്തിലും ഭാവത്തിലും ഒപ്പം വേഗതയിലും, യാത്രക്കാര്‍ക്ക് നല്‍കുന്ന സൗകര്യത്തിലും പുത്തന്‍ അനുഭവമായി മാറിയ ട്രെയിന്‍. ഓടുന്ന റൂട്ടുകളിലെല്ലാം തന്നെ ഹിറ്റാണ് വന്ദേഭാരത് എക്സ്പ്രസുകള്‍. കാലങ്ങളായുള്ള ട്രെയിന്‍ യാത്രാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് പുത്തന്‍ ട്രെയിനുകള്‍.

റെയില്‍വേയിലെ ആധുനികവത്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുകയാണ്. ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. മെട്രോ റെയിലുകള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ഉടന്‍ അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. വന്ദേഭാരത് ഹിറ്റായതിന് പിന്നാലെയാണ് വന്ദേ സാധാരണ്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിര്‍ദേശിച്ചതിനെതുടര്‍ന്ന് പേര് മാറ്റി അമൃത് ഭാരത് എക്സ്പ്രസ് എന്നാക്കി മാറ്റി.

വന്ദേഭാരതിന്റെ സ്ലീപ്പര്‍ എഡിഷന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. എന്തായാലും വന്ദേഭാരതിനെക്കാള്‍ ഒരുപാട് വ്യത്യാസങ്ങളുമായാണ് അമൃത് ഭാരത് എക്സ്പ്രസുകള്‍ ട്രാക്കിലെത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ ന്യൂജെന്‍ മുഖങ്ങളായി മാറിക്കഴിഞ്ഞ വന്ദേഭാരത്, അമൃത് ഭാരത് ട്രെയിനുകള്‍ തമ്മില്‍ എന്തൊക്കെ വ്യത്യാസങ്ങളുണ്ടെന്ന് പരിശോധിക്കാം.

അമൃത് ഭാരത് എക്സ്പ്രസ്

സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് സര്‍വീസുകളുടെ ശ്രേണിയിലാണ് അമൃത് ഭാരത് തീവണ്ടികള്‍ ഉള്‍പ്പെടുന്നത്. നോണ്‍ എ.സി സ്ലീപ്പര്‍, ജനറല്‍ കോച്ചുകളാണ് ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എസി കോച്ചുകളുടെ അഭാവമാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരേയൊരു പോരായ്മ. വന്ദേഭാരത് ട്രെയിനുകള്‍ പകല്‍ സമയത്താണ് കൂടുതല്‍ സര്‍വീസ് നടത്തുന്നതെങ്കില്‍ രാത്രികാലത്താണ് അമൃത് ഭാരത് ഓടുക. 800 കിലോമീറ്ററില്‍ അധികം വരുന്ന പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം.

train

നിലവിലെ സൗകര്യങ്ങളനുസരിച്ച് പത്ത് മണിക്കൂറിലധികം യാത്രാസമയം ആവശ്യമുള്ള റൂട്ടുകളില്‍ ഓടിക്കുകയെന്നതാണ് ലക്ഷ്യം. ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാനുള്ള പ്രാപ്തിയുണ്ടെങ്കിലും പരമാവധി 110 മുതല്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വരെയായിരിക്കും അമൃത് ഭാരത് ട്രെയിനുകള്‍ ആദ്യഘട്ടത്തില്‍ ഓടുക. പിന്നീട് ട്രാക്കുകളുടെ ക്ഷമത വര്‍ദ്ധിക്കുന്നതനുസരിച്ച് വേഗതയും ഉയര്‍ത്തും. മുന്നിലും പിന്നിലും എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്ന ട്രെയിനില്‍ പുഷ്-പുള്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

വളരെ പെട്ടെന്ന് വേഗത കൂട്ടാനും വളരെ പെട്ടെന്ന് ബ്രേക്കിംഗ് നടത്താനും പുഷ്- പുള്‍ സാങ്കേതിക വിദ്യ സഹായിക്കുന്നു. കുലുക്കം അനുഭവപ്പെടാതിരിക്കാന്‍ സെമി പെര്‍മനെന്റ് കപ്ലറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. എല്ലാ സീറ്റിന് സമീപവും ചാര്‍ജിംഗ് പോയിന്റ് സൗകര്യം ലഭ്യമാണ്. ഭിന്നശേഷിക്കാര്‍ക്കായി തയ്യാറാക്കിയ പ്രത്യേക ശുചിമുറിയാണ് മറ്റൊരു സവിശേഷത. ഇതിനായി പ്രത്യേക വാതിലുകളും റാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. 22 കോച്ചുകളുള്ള ട്രെയിന്‍ ഒരേസമയം 1800 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ്.

train

വന്ദേഭാരത് എക്സ്പ്രസ്

അമൃത് ഭാരത് എക്സ്പ്രസുമായി ചില വ്യത്യാസങ്ങളുണ്ട് വന്ദേഭാരതിന്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു ദിവസത്തിനുള്ളില്‍ ഒരു റൂട്ടിലേക്ക് യാത്ര ആരംഭിച്ച് അതേ റൂട്ടിലേക്ക് തിരിച്ചെത്തുമെന്നതാണ്. അതായത് മീഡിയം ദൂരപരിധിയാണ് വന്ദേഭാരത് ട്രെയിനുകള്‍ ഓടുന്നത്. സ്റ്റോപ്പുകളുടെ എണ്ണവും കുറവാണ്. പകല്‍ സമയത്ത് ഓടുന്ന ഈ ട്രെയിനുകള്‍ പത്ത് മണിക്കൂറില്‍ താഴെ മാത്രം ദൂരത്തിലുള്ള നഗരങ്ങളെ ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ട്രാക്കിലെത്തിയവയാണ്.

160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഡല്‍ഹി-ഭോപ്പാല്‍ റൂട്ടിലെ ട്രെയിനാണ് ഏറ്റവും വേഗത്തിലോടുന്ന വന്ദേഭാരത്. മറ്റ് സര്‍വീസുകള്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഓടുന്നത്. 2019 ഫെബ്രുവരി 15നാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഓടിത്തുടങ്ങിയത്.എല്ലാ സീറ്റുകളും റിക്ലൈനര്‍ സീറ്റുകളാണ്, മുന്‍ പതിപ്പുകള്‍ക്ക് വിരുദ്ധമായി താഴ്ന്ന ക്ലാസില്‍ പിന്‍സീറ്റുകള്‍ നിശ്ചയിച്ചിരുന്നു. എക്‌സിക്യൂട്ടീവ് കോച്ചുകള്‍ക്ക് 180-ഡിഗ്രി കറങ്ങുന്ന സീറ്റുകളുടെ അധിക സവിശേഷതയുണ്ട്.

train

99 ശതമാനം രോഗാണുക്കളെയും നിര്‍ജ്ജീവമാക്കുന്ന യുവി ലാമ്പ് ഉപയോഗിച്ച് ഫോട്ടോ കാറ്റലറ്റിക് അള്‍ട്രാ വയലറ്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റത്തിലൂടെ ആന്തരിക വായു ഫില്‍ട്ടര്‍ ചെയ്യപ്പെടുന്നു. ഈ ട്രെയിന്‍ വെറും 129 സെക്കന്‍ഡിനുള്ളില്‍ പരമാവധി വേഗത പരിധിയായ 160 കിലോമീറ്റര്‍ വേഗത്തിലെത്തും. ബാറ്ററി ബാക്കപ്പ് 3 മണിക്കൂര്‍ നീണ്ടുനില്‍ക്കും. ട്രെയിനിന് എല്ലാ കോച്ചുകളിലും റിക്ലൈനര്‍ സൗകര്യം ഉണ്ടായിരിക്കും. ദുരന്ത സാഹചര്യങ്ങള്‍ക്കായി ഓരോ കോച്ചിലും 4 ലൈറ്റുകള്‍.

അഡ്വാന്‍സ് ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം. ആന്റി ബാക്ടീരിയല്‍ സംവിധാനം ഉപയോഗിച്ച് വായു ശുദ്ധീകരണം. വിദൂര നിരീക്ഷണത്തോടുകൂടിയ കേന്ദ്രീകൃത കോച്ച് നിരീക്ഷണ സംവിധാനം. പുതിയ വന്ദേ ഭാരത് ട്രെയിനിന്റെ നിര്‍മാണ ചെലവ് ഏകദേശം 115 കോടി രൂപയാണ്. അതായത് കഴിഞ്ഞ പതിപ്പിനേക്കാള്‍ 15 കോടി രൂപ കൂടുതല്‍. അമൃത് ഭാരത് എക്സ്പ്രസുകളില്‍ എ.സി കോച്ച് ഇല്ലെങ്കില്‍ വന്ദേഭാരതില്‍ എല്ലാ കോച്ചുകളും ശീതീകരിച്ചവയാണ്.

വരുന്നു വന്ദേഭാരത് സ്ലീപ്പര്‍ മോഡല്‍

കണ്ടത് മനോഹരം, കാണാനിരിക്കുന്നത് അതിലും മനോഹരമെന്ന് പറയുന്നത് പോലെയാണ് വന്ദേഭാരത് ചെയര്‍ കാറുകളും വരാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും. ഈ വര്‍ഷം തന്നെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലെത്തും. വന്ദേഭാരത് ട്രെയിനിന്റെ അതേ വേഗതയായിരിക്കും സ്ലീപ്പര്‍ തീവണ്ടികള്‍ക്കും. ഇതിന്റെ ചില ഗ്രാഫിക്കല്‍ ചിത്രങ്ങളാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. 2024 ഏപ്രിലില്‍ യഥാര്‍ത്ഥ മോഡല്‍ അവതരിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

train

സൗകര്യങ്ങളുടെ പറുദീസയായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടികളെന്നാണ് ഇതുവരെ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വന്ദേഭാരത് സ്ലീപ്പര്‍ മോഡലില്‍ 120 ട്രെയിനുകള്‍ പുറത്തിറക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഒരു ട്രെയിന്‍ നിര്‍മിക്കുന്നതിന് 120 കോടി രൂപ എന്ന കണക്കില്‍ 35,000 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്.

train

പതിനൊന്ന് തേര്‍ഡ് എ.സി കോച്ചുകള്‍, നാല് സെക്കന്‍ഡ് എ.സി കോച്ചുകള്‍, ഒരു ഫസ്റ്റ് എ.സി കോച്ചുകള്‍ എന്നിങ്ങനെ 16 കോച്ചുകളാണ് ട്രെയിനിനായി വിഭാവനം ചെയ്തിരിക്കുന്നത്. ഇത് പിന്നിട് 20 മുതല്‍ 24 കോച്ചുകള്‍ വരെയായി ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം. ലോകോത്തര സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഈ തീവണ്ടിയില്‍ ഒരുക്കുക.