waga

ഈ വർഷം ഇന്ത്യയടക്കം ലോകത്തുള്ള നാലിൽ ഒന്നോളം രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. രാഷ്ട്ര തലവന്മാരെയും ജനപ്രതിനിധി സഭകളെയും തിരഞ്ഞെടുക്കും. അമേരിക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഇലക്ടറൽ സിസ്റ്റംസ് ഇലക്ഷൻ ഗൈഡിന്റെ പഠന പ്രകാരം ഏകദേശം 60 രാജ്യങ്ങളിൽ വിവിധ തലങ്ങളിൽ തിരഞ്ഞെടുപ്പുണ്ട്. ഇതിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും, ഏറ്റവും നല്ല ജനാധിപത്യമെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയും ഉൾപ്പെടും.ഇന്ത്യയുടെ പ്രധാന അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ളാദേശും ഭൂട്ടാനുമെല്ലാം ഇതിൽ ഉൾപ്പെടും.

ഇന്ത്യയുടെ മിക്ക അയൽപ്പക്ക രാജ്യങ്ങളും 2024ൽ തിരഞ്ഞെടുപ്പിന് വേദിയാകും. കൂടാതെ റഷ്യ, ഇന്തോനേഷ്യ, മെക്സിക്കോ, സൗത്ത് ആഫ്രിക്ക, ഇറാൻ, തായ്‌വാൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പുണ്ട്.

ഇന്ത്യയേയും ലോക രാഷ്ട്രീയത്തേയും സംബന്ധിച്ചും ഈ രാജ്യങ്ങളുടെ വിദേശ നയത്തെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പുകൾ പ്രസക്തമാണ്. ലോക രാഷ്ട്രീയത്തിൽ, രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയം പ്രത്യേകിച്ച് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന സർക്കാരിന്റെ സ്വഭാവവും നയങ്ങളും വിദേശ നയത്തേയും ലോകത്തെയും വളരെയധികം സ്വാധീനിക്കും. ഇന്ത്യയുടെ അയൽപ്പക്കമായ മാലിദ്വീപിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന സർക്കാർ, പ്രകൃതി ദുരന്തം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി നിയോഗിച്ചിട്ടുള്ള ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചത്ഇതിന് ഉദാഹരണമാണ്. പുതിയ മാലി സർക്കാരിന്റെ ചൈന അനുകൂല നിലപാടാണ് ഇതിന് പ്രധാന കാരണമായത്.

അയൽപ്പക്ക രാഷ്ട്രീയവും ഇന്ത്യൻ വിദേശ നയവും

ഇന്ത്യയുടെ അയൽപ്പക്ക രാഷ്ട്രങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തിന് ഇന്ത്യാ ബന്ധത്തിൽ വലിയ പങ്കാണുള്ളത്. ഇന്ത്യയുടെ മിക്ക അയൽ രാജ്യങ്ങളിലും ഇന്ത്യയെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുണ്ട്. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ ഇത് തീർത്തും ശരിയാണ്. പാകിസ്ഥാനിൽ എല്ലാ പാർട്ടികൾക്കും ഒരു ഇന്ത്യ വിരുദ്ധതയുണ്ട്.

ഈ അയൽപ്പക്ക രാജ്യങ്ങളിൽ അധികാരത്തിൽ വരുന്ന പാർട്ടിക്ക് അനുസരിച്ച് അവരുടെ ഇന്ത്യാ ബന്ധത്തിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ബംഗ്ളാദേശിൽ ജനുവരിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യയെ അനുകൂലിക്കുന്ന അവാമി ലീഗാണ് (Awami League) അധികാരത്തിൽ വരാൻ സാദ്ധ്യത. ഇന്ത്യ വിരുദ്ധ മനോഭാവമുള്ള പ്രധാന പ്രതിപക്ഷം, ബഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി, തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. ഭൂട്ടാനിലും ജനുവരിയിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെ ലീഡ് ചെയ്യുന്ന രണ്ട് പാർട്ടികളും ഇന്ത്യ അനുഭാവമുള്ളവയാണ്. ഇവർ ചൈനയുമായി നടത്തുന്ന അതിർത്തി നിർണയ ചർച്ചകളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഇന്ത്യ ബന്ധത്തെ ബാധിക്കും.

ശ്രീലങ്കയിൽ ഈ വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യക്ക് നിർണായകമാണ്. ചൈനയ്ക്ക് ശ്രീലങ്കയിലുള്ള സ്വാധീനവും ഗൂഢലക്ഷ്യങ്ങളും അവിടെ അധികാരത്തിൽ വരുന്ന പാർട്ടിയേയും സ്വാധീനിക്കും. തായ്‌വാനിൽ ജനുവരി 13ന് നടക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യ - ചൈന - യു.എസ് ബന്ധത്തിൽ പ്രസക്തമാണ്. അവിടെ ചൈന അനുകൂല പാർട്ടിയാണോ അതോ അമേരിക്കൻ അനുകൂല പാർട്ടിയാണോ അധികാരത്തിൽ വരികയെന്നത് ഇന്ത്യ - ചൈന ബന്ധത്തെ ബാധിക്കും.

ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രസക്തമായിട്ടുള്ളതാണ് ഫെബ്രുവരി എട്ടിന് പാകിസ്ഥാനിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ്. മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനും പാർട്ടിയുടെ മറ്റു നേതാക്കളും ജയലിൽ ആയതുകൊണ്ട് പാകിസ്ഥാൻ മുസ്ളിം ലീഗായിരിക്കും അധികാരത്തിൽ വരിക. ആര് അധികാരത്തിൽ വന്നാലും ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് ആർട്ടിക്കൾ 370 റദ്ദാക്കിയതും മറ്റും അവരുടെ ഇന്ത്യ വിരുദ്ധതയ്ക്ക് ആക്കം കൂട്ടും. ഇമ്രാൻ ഖാൻ തന്റെ ഭരണക്കാലത്ത് കടുത്ത ഇന്ത്യ വിരുദ്ധതയാണ് പുലർത്തിയത്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നിലപാടും വ്യത്യസ്തമല്ല.

മാറുമോ അമേരിക്കൻ നയം

അടുത്ത നംവബറിൽ അമേരിക്കൻ തിരഞ്ഞെടുപ്പാണ്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര - നയതന്ത്ര പങ്കാളിയാണ് അമേരിക്ക. പ്രധാന പാർട്ടികളായ റിപ്പബ്ലിക്കൻസും ഡെമോക്രാറ്റ്സും ഇന്ത്യയെ അനുകൂലിക്കുന്നു. ഈ പാർട്ടികളെ പ്രതിനിധികരിക്കുന്ന ട്രംപോ, ബൈഡനോ ആയിരിക്കാം അടുത്ത പ്രസിഡന്റ്. ബൈഡൻ ചിലകാര്യങ്ങളിൽ ഇന്ത്യയെ വിമർശിക്കുമ്പോൾ ട്രംപ് അത്രയും വിമർശനം നടത്തുന്നില്ല. ഇവരുടെ നിലപ്പാടുകൾ ഇന്ത്യ ബന്ധത്തിൽ പ്രതിഫലിക്കും.

മറ്റു പ്രധാന തിരഞ്ഞെടുപ്പുകൾ

റഷ്യയിൽ, അടുത്ത മാർച്ചിൽ പുട്ടിൻ അ‌ഞ്ചാമതും പ്രസിഡന്റ് ആകാനാണ് സാദ്ധ്യത. അട്ടിമറിയിലൂടെ പുതിയ പ്രസിഡന്റോ മറ്റോ അധികാരത്തിൽ വന്നാൽ കാര്യങ്ങൾ അനിശ്ചിതത്വത്തിലാക്കും. പക്ഷെ സാദ്ധ്യത വിരളമാണ്.മാവോയ്ക്കു ( 1949-76) ശേഷം ചൈനയുടെ സർവ്വാധികാരിയായി ഏറ്റവും കൂടുതൽ കാലം ഭരിക്കുന്ന ഷീ ജിൻ പിംഗിനെപ്പോലെ , സോവിയറ്റ് റഷ്യയെ ദീർഘകാലം ഭരിച്ച സ്റ്റാലിനു ( 1924-53) ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യയെ നയിക്കാനുള്ള അവസരമാണ് ജയിച്ചാൽ പുട്ടിനെ കാത്തിരിക്കുന്നത്.

ബ്രിട്ടനിൽ ഋഷി സുനകിന്റെ കാലവധി അടുത്ത ഡിസംബറിൽ അവസാനിക്കുകയാണ്. സ്വതന്ത്ര വ്യാപാര കരാർ, കുടിയേറ്റ നിയമങ്ങൾ എന്നിവയിൽ ഇന്ത്യക്ക് താത്പര്യമുണ്ട്. യൂറോപ്യൻ പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യ - യൂറോപ്യൻ യൂണിയൻ ഉഭയകക്ഷി വ്യാപര -നിഷേപത്തിന് നിർണായകമാണ്.

ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, ഇറാൻ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ്, ഗ്ലോബൽ സൗത്തിന്റെ നേതൃത്വത്തിന് ഇന്ത്യയ്ക്ക് നിർണായകമാണ്. അതുപോലെ പ്രസക്തമായിട്ടുള്ളതാണ് ഈ വർഷം ഇന്ത്യയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ്.

ഇന്ത്യയുടെ ശത്രുക്കളും മിത്രങ്ങളുമായുള്ള രാജ്യങ്ങളിൽ തിരഞ്ഞടുപ്പ് നടക്കുന്നുണ്ട്. പാകിസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ ബന്ധത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ല. അമേരിക്ക പിന്തുണയ്ക്കുന്ന പാകിസ്ഥാൻ മുസ്ലിം ലീഗാണ് അവിടെ അധികാരത്തിൽ വരുകയെങ്കിൽ, ഇന്ത്യയ്ക്ക് അത് ഗുണം ചെയ്യും. അമേരിക്ക ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയായതുക്കൊണ്ട് ഇന്ത്യ - അമേരിക്ക ബന്ധം ശക്തമായി തുടരും. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികൾക്ക് അലോസരം ഉണ്ടാക്കുന്നുണ്ട്. സ്വതന്ത്ര വിദേശനയം നമ്മുടെ ദേശതാത്പര്യ സംരക്ഷണത്തിനാണ്. എല്ലാ രാജ്യങ്ങളുടേയും ആഭ്യന്തര തിരഞ്ഞെടുപ്പ് വിദേശ നയവുമായി ബന്ധപ്പെട്ട ദേശതാത്പര്യത്തിനാണ് ഊന്നൽ കൊടുക്കുക. അതുകൊണ്ടാണ് ആഭ്യന്തര രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾ വിദേശ നയവുമായി ബന്ധപ്പെട്ട് കിടക്കുന്നത്.