c

രാമജന്മഭൂമി പ്രചാരണം നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികളെ മാറ്റിമറച്ചു. മതേതരത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലും വ്യാപകമായ ചർച്ചയുണ്ടായി.

അയോദ്ധ്യയിലേക്കുള്ള ആദ്യയാത്രയുടെ ഓർമ്മകൾ ഇന്നും മായാതെ മനസ്സിൽ കിടപ്പുണ്ട്. അന്ന് എനിക്ക് 16 വയസ്. 1992ലായിരുന്നു അത്. അന്ന് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് രാമഭക്തരായിരുന്നു അവിടെ എത്തിച്ചേർന്നിരുന്നത്. ഫൈസാബാദ് നഗരത്തിൽ എങ്ങും മുഴങ്ങിയ ജയ്ശ്രീരാം വിളിയുടെ അലയൊലി ആത്മീയതയുടെ താളത്തിലേക്കെന്നെ കൊണ്ടുപോയി. പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് വൃദ്ധരും ചെറുപ്പക്കാരും കുട്ടികളും അമ്മമാരുമൊക്കെ ആ സംഘങ്ങളിലുണ്ടായിരുന്നു. രാമജന്മഭൂമി ക്ഷേത്രം വീണ്ടെടുക്കാനുള്ള ഐതിഹാസികമായ പോരാട്ടത്തിനായിരുന്നു അവരെത്തിയത്.

രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ വിമർശകർ ഈ സമരത്തെ പലപ്പോഴും രാഷ്ടീയ നേട്ടത്തിനായുള്ള ഒരു ആർ.എസ്.എസ്. ബി.ജെ.പി നീക്കമായാണ് ആക്ഷേപിക്കാറുള്ളത്. എന്നാൽ ചരിത്രം പഠിച്ചാൽ ഈ വാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് മനസ്സിലാവും. ദേശീയ സ്വത്വത്തിനായി നടന്ന ഒരു നവോത്ഥാന പ്രസ്ഥാനമായിരുന്നു അതെന്ന് നിസ്സംശയം പറയാം. നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത പ്രതിബിംബമാണ് രാമൻ. അതുകൊണ്ടാണ് രാമജന്മഭൂമി പ്രക്ഷോഭത്തിന് ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവായ്പു നേടാൻ കഴിഞ്ഞത്. അതിന്റെ കൂടെ നിന്ന് രാഷ്ട്രീയ പ്രസ്ഥാനത്തിന് നേട്ടമുണ്ടായി എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഇന്ത്യക്കാരൻ രാഷ്ടീയം പോലും ആത്മീയമായ യാത്രയിലെ കാൽപടവുകൾ മാത്രം. ഗാന്ധിജിയാണ് രാമനെ ഇത്രയധികം ആശ്രയിച്ച സമീപ കാലത്തെ രാഷ്ട്രീയ നേതാവ്. രാമരാജ്യമായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം തന്നെ. രാമജന്മഭൂമി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ലാൽ കൃഷ്ണ അദ്വാനി തന്നെ പറഞ്ഞിട്ടുണ്ട് രഥയാത്ര നടത്തിയ ശേഷമാണ് ശ്രീരാമൻ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഇത്രമാത്രം സ്വാധീനമുണ്ടെന്ന് താൻ മനസ്സിലാക്കിയതെന്ന്. രാമൻ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

ഭാരതത്തിന്റെ ഭൂമിശാസ്ത്രത്തിനപ്പുറത്തും നിരവധി രാജ്യങ്ങളിൽ ധർമ്മത്തിന്റെ പ്രതീകമായ രാമന് സ്ഥാനമുണ്ട്. പലകാരണങ്ങളാൽ മതവിശ്വാസം മാറിയിട്ടും രാമനോട് അവർക്കുള്ള പ്രതിപത്തിയിൽ ഒരു കുറവും ഉണ്ടായിട്ടില്ല. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ രാമനാണിന്നുമവർക്ക് പ്രചോദനം. ബുദ്ധരാജ്യമായ തായ്ലാന്റിലും രാജാവ് രാമന്റെ പിന്തുടർച്ചാവകാശിയായാണ് അറിയപ്പെടുന്നത്. രാമനെന്ന യാഥാർത്ഥ്യം ഒരു പറ്റം രാഷ്ട്രീയക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ജവഹർലാൽ നെഹറുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേരത്തെ മുതൽ മുസ്ലിം പ്രീണനത്തിനായി രാമജന്മഭൂമി പ്രശ്നത്തിൽ നിന്നൊളിച്ചോടുകയായിരുന്നു. അതേസമയം യൂറോപ്യൻ കേന്ദ്രീകൃത ചിന്താഗതിക്കാരായ കോൺഗ്രസ് നേതൃത്വം നെഹ്റുവിയൻ മതേതരത്വം എന്ന പുതിയ കാഴ്ചപ്പാട് കൊണ്ടുവരികയായിരുന്നു. അവർക്ക് രാമനും രാമജന്മഭൂമി ക്ഷേത്രവുമൊക്ക വർഗീയമായിരുന്നു. അക്കാദമിക മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങിലും വലിയ സ്വാധീനമുണ്ടായിരുന്നു ഇടത് ചിന്താഗതിക്കാരാകട്ടെ സർക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടിന് യോജിച്ച ഒരു പരിപ്രേക്ഷ്യമുണ്ടാക്കി. രാമജന്മഭൂമി പ്രക്ഷോഭത്തിലും ഒരു വർഗസമരത്തിന്റെ കാഴ്ചപ്പാട് അവർ വിവരിച്ചു. രാമജന്മഭൂമി പ്രശ്നം രമ്യമായി പരിഹരിക്കുന്നത് തടയാൻ ഇടതു ചരിത്രകാരൻമാരായ ഇർഫാൻ ഹബിബും റോമിലാഥാപ്പറുമൊക്കെ എങ്ങനെയാണ് ശ്രമിച്ചതെന്ന് ആർക്കിയോളജിസ്റ്റായ ഡോ. കെ.കെ മുഹമ്മദ് നേരത്തെ വിശദീകരിച്ചിരുന്നതാണ്. തീവ്ര നിലപാടുകാരായ മുസ്ലിങ്ങൾ പോലും രാമജന്മഭൂമി ക്ഷേത്രം പണിയുന്നതിനായി സ്ഥലം വിട്ടുനൽകുന്നതിന് തയ്യാറായപ്പോൾ തെറ്റായ പ്രതീക്ഷകൾ നൽകി, സ്ഥലം വിട്ടുകൊടുക്കാതിരിക്കാൻ മതമൗലിക വാദികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ചരിത്രകാരന്മാരും മതേതരവാദികളെന്നവകാശപ്പെടുന്ന രാഷ്ട്രീയക്കാരും ശ്രമിച്ചത്.

മതേതര പാർട്ടികളെന്നവകാശപ്പെടുന്നവർ ശ്രീരാമനെ അംഗീകരിക്കാനേ തയ്യാറായില്ല. രാമസേതു സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽ അന്നത്തെ യു.പി.എ സർക്കാർ നൽകിയ

സത്യവാങ്ങ്മൂലത്തിൽ രാമൻ ഒരു സാങ്കല്പിക കഥാപാത്രമാണ് എന്നാണ് പറഞ്ഞത്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് യു.പി.എ ഘടക കക്ഷിയായ ഡി.എം.കെ നേതാവ് ചോദിച്ചത് ആരാണീ രാമൻ, ഏത് എൻജിനിയറിംഗ് കോളേജിൽ നിന്നാണ് രാമന്‍ ബിരുദം നേടിയത് എന്നാണ്. താൻ ജനിച്ച സ്ഥലത്തിന്റെ ചരിത്രത്തെക്കുറിച്ചുപോലും അജ്ഞനാണ് ഈ നേതാവ്.

ചരിത്രകാരനായ ബി.ബി ലാൽ പറയുന്നുണ്ട്. തമിഴ്നാട്ടിലെ സംഘകാല സാഹിത്യത്തിലെ ആദ്യ ഭാഗത്ത് രാമനെക്കുറിച്ച് പ്രതിപാദിക്കുന്ന കാര്യം പറയുന്നുണ്ട്. വാത്മീകിയുടെ രാമായണത്തോളം പഴക്കമുള്ളതാണ് സംഘകാല ചരിത്രം. പുരാണത്തിൽ പറയുന്നത് രാവണൻ തട്ടിക്കൊണ്ടുപോകുമ്പോൾ സീത തന്റെ ആഭരണങ്ങളെല്ലാം താഴേക്കിട്ടു എന്നും ഇതാണ് സീതയെ കണ്ടുപിടിക്കാൻ സഹായകമായതെന്നുമാണ്. ഇതേ കഥ തന്നെയാണ് ക്രിസ്തുവിന് മുമ്പ് രണ്ടും ഒന്നും നൂറ്റാണ്ടുകൾക്കിടയിലുള്ള കൗസംബിയിലെ ടെറാക്കോട്ടയുടെയും അടിസ്ഥാനമായുള്ളത്.

രാമജന്മഭൂമി പ്രചാരണം നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികളെ മാറ്റിമറച്ചു. മതേതരത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലും വ്യാപകമായ ചർച്ചയുണ്ടായി. രാമന്റെ അസ്തിത്വത്തെതന്നെ ചോദ്യം ചെയ്ത പാർട്ടിക്ക് രാമനെ ആഘോഷിക്കാൻ ചടങ്ങുകൾ നടത്തേണ്ടിവന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നസാക്ഷാത്കാരമാകുമത്. തലമുറകളായി ഹിന്ദുക്കളുടെ മനഃസാക്ഷിയെ വേദനിപ്പിച്ച ആ മുറിവിന് ശമനമുണ്ടായിരിക്കുന്നു. എൽ.കെ. അദ്വാനി സൂചിപ്പിച്ചതുപോലെ എല്ലാവർക്കും നീതി കിട്ടുന്ന, ആരെയും ഒഴിവാക്കാത്ത, ഒരു സുശക്തവും ശാന്തവും പുരോഗതി നേടിയതുമായ ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് രാമക്ഷേത്രം ചെയ്യുന്നത്. സദ്ഭരണത്തിന്റെ പ്രതീകമാണ് രാമരാജ്യം. ആ രാമരാജ്യത്തിലേക്കുള്ള യാത്രയാണ് നമ്മളുടേത്.