
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. എന്നാൽ സെബിയുടെ അന്വേഷണത്തിന് മൂന്നുമാസം കൂടി സമയം നൽകുമെന്നും കോടതി അറിയിച്ചു. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. അനാമിക ജയ്സ്വാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.
റിപ്പോർട്ടിലെ ആരോപണങ്ങൾ പരിശോധിക്കുന്ന വിദഗ്ദ്ധ സമിതിയിലും സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ) അന്വേഷണത്തിലും അവിശ്വാസം അറിയിച്ചായിരുന്നു ഹർജി നൽകിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ട് പുറത്തുവന്നത്. കമ്പനി മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നായിരുന്നു ഹിൻഡൻബർഗിന്റെ ആരോപണം. ഇതേത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വൻതോതിൽ ഇടിഞ്ഞിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ അദാനി ഏറെ പിന്നിലാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് രണ്ടിനാണ് അദാനി ഗ്രൂപ്പിനെതിരെയുളള നിയമലംഘന ആരോപണങ്ങൾ സെബിയുടെ അന്വേഷണത്തിന് സുപ്രീംകോടതി വിട്ടത്. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി തത‌്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. ഇതിനിടെ, ആറുമാസം കൂടി സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് 14 വരെ സമയം അനുവദിച്ചു. വീണ്ടും 15 ദിവസം കൂടി സമയം ചോദിക്കുകയായിരുന്നു.