
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ എല്ലാ താരങ്ങളും അനുഭവിക്കുന്ന പ്രശ്നമാണ് നെഗറ്റീവ് കമന്റ്സ്. എന്നാൽ, ചുരുക്കം ചിലരുടെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും മാത്രമേ ഇത്തരത്തിൽ മോശം കമന്റുകൾ വരാതെയുള്ളു. അങ്ങനെയുള്ള ഒരാളാണ് നവ്യ നായർ. താരത്തിന്റെ ഓരോ പോസ്റ്റും വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നവ്യയെ കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ലഭിക്കുമെന്നാണ് പല ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ കമന്റുകൾ വരുന്നത്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
നവ്യ സ്വന്തം സഹോദരിയായി കാണുന്ന സന്ധ്യയുടെ പിറന്നാളിന് ഒരു സർപ്രൈസ് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും നട്ടുച്ചയും ഒക്കെ കണ്ടവൾ എന്നാണ് നവ്യ സന്ധ്യയെ കുറിച്ച് എഴുതിയിരിക്കുന്നത്. എത്ര കൊടുത്താലും മതിവരാത്ത ആളുകളുള്ള കാലത്ത് ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്ന ചിലരുണ്ട്. ഇവർ കൂടെയുള്ളതാണ് എന്റെ അഹങ്കാരം. ജന്മദിനങ്ങളൊന്നും ഓർക്കാത്ത എന്നെ ഓർമിപ്പിച്ചത് അമ്മയാണ്. ഈ സന്തോഷം കാണുമ്പോൾ ഓർമപ്പെടുത്തലിന് നന്ദി പറയാതെ വയ്യ. ഒരായിരം ജന്മദിനങ്ങൾ താൻ എന്റെകൂടെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു എന്നാണ് നവ്യ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
നിരവധിപേരാണ് സന്ധ്യയ്‌ക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് കമന്റിട്ടിട്ടുള്ളത്. 'ആ ചേച്ചിയുടെ സന്തോഷം കണ്ടോ?, ഇതാണ് നവ്യയ്‌ക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്', 'നമ്മൾ കാരണം മറ്റൊരാൾ ചിരിക്കുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ അച്ചീവ്‌മെന്റ് ഇല്ല', 'സന്ധ്യയും നവ്യയും തമ്മിലുള്ള ബന്ധം നേരിട്ട് അറിയാൻ കഴിഞ്ഞ ആളാണ് ഞാൻ, സന്ധ്യയെ നവ്യയെ പോലെ വേറെ ആരും സ്നേഹിച്ചിട്ടുണ്ടാകില്ല' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. സന്ധ്യയുടെ നവ്യയുടെ തമ്മിലുള്ള ബന്ധവും ഒരുപാടുപേർ ചോദിക്കുന്നുണ്ട്. എന്നാൽ, ഇതിനുള്ള മറുപടി താരം കൊടുത്തിട്ടില്ല.