
ഗോലാഘട്ട്: അസമിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പന്ത്രണ്ട് പേർക്ക് ദാരുണാന്ത്യം. ഗോലാഘട്ട് ജില്ലയിൽ ദെർഗാവിനടുത്തുളള ബലിജൻ പ്രദേശത്തായാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടിയായിരുന്നു അപകടം.
അപകടത്തിൽ 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഗോലാഘട്ടിലെ കമാർബാന്ദയിൽ നിന്നും തിലിംഗാമന്ദിറിലേക്ക് പോകുകയായിരുന്ന ബസ് ബലിജനിൽ നിന്നും വന്ന ട്രക്കുമായാണ് കൂട്ടിയിടിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ രാജൻ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിലേറെയും നാട്ടുകാരാണെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ അപകടത്തിൽ 12 പേരാണ് മരിച്ചത്. അപകടസ്ഥലത്ത് നിന്നും പത്തോളം മൃതദേഹങ്ങൾ അടുത്തുളള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ജോർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.