
ഒരു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു, ബാഹ്യലോകത്തുണ്ടാകുന്ന നിസ്സാര സംഭവങ്ങൾ പോലും നമ്മുടെ മനസ്സിനെ ബാധിക്കുന്നു. ചില സംഭവങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നു, ചിലത് ദുഃഖിപ്പിക്കുന്നു. സുഖവും ദുഃഖവും ജനിപ്പിക്കുന്ന അനേകമനേകം കാര്യങ്ങളുടെ നടുവിൽ നിസ്സംഗനായി, സാക്ഷിയായിനിൽക്കുവാനെങ്ങനെ സാധിക്കും? ഗുരു ഉത്തരമൊന്നും പറഞ്ഞില്ല. ആ ശിഷ്യന്റെ അശ്രദ്ധകാരണം കുറച്ച് തെറ്റുകൾ സംഭവിച്ചിരുന്നു. ഗുരു, ആ തെറ്റുകളെല്ലാം മറ്റൊരു വ്യക്തി ചെയ്തതാണെന്ന്
പറഞ്ഞു അതേക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ശിഷ്യൻ പുഞ്ചിരിയോടെ അതെല്ലാം കേട്ടിരുന്നു. പെട്ടന്ന് ഗുരു പറഞ്ഞു. ഇതൊന്നും അയാൾ ചെയ്ത തെറ്റുകളല്ല, നീ ചെയ്ത തെറ്റുകളാണ്. ഇതു കേട്ട ഉടനെ ആ ശിഷ്യന്റെ ഭാവം മാറി. മുഖത്തെ പ്രസന്നത നഷ്ടപ്പെട്ടു. അവൻവളരെ വിഷമിച്ച് തലകുനിച്ചിരുന്നു. അപ്പോൾ ഗുരു പറഞ്ഞു. 
ഞാൻ വേറെ ആരുടെയോ തെറ്റുകളെക്കുറിച്ചാണ് പറയുന്നത് എന്നു കരുതിയപ്പോൾ നിനക്ക് സാക്ഷിയായി, പുഞ്ചിരിച്ചുകൊണ്ട് എല്ലാം കേൾക്കാൻ കഴിഞ്ഞു. എന്നാൽ അതെല്ലാം നീ ചെയ്തതാണെന്ന് പറഞ്ഞപ്പോൾ മുഖം വാടി. നിന്നിൽ ഞാൻ ഭാവം ഉണർന്നു. ഞാൻ, എന്റേത് എന്ന ഭാവം ഉള്ളിടത്തോളം നമ്മുടെയുള്ളിൽ സാക്ഷിഭാവം ഉണരുകയില്ല. അതിനെ അതിജീവിക്കാൻ സാധിച്ചാൽ, നമുക്ക് എല്ലാ സാഹചര്യങ്ങളെയും സാക്ഷിഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ കഴിയും. മനസ്സിന്റെ ശക്തി ചോർന്നു പോവുകയില്ല.
സകലതിനെയും സാക്ഷിഭാവത്തിൽ വീക്ഷിക്കാനുള്ള കഴിവ് നമ്മുടെയെല്ലാം ഉള്ളിലുണ്ട്. എന്നാൽ നമ്മൾ പലപ്പോഴും ഈ കഴിവിനെ തിരിച്ചറിയുകയോ, പ്രയോജനപ്പെടുത്തുകയോ ചെയ്യാറില്ല. മറ്റുള്ളവർക്കു പ്രശ്നങ്ങൾ വരുമ്പോൾ അവയെ നിസ്സംഗമായി വീക്ഷിക്കാനും, വളരെ പ്രായോഗികമായി അവരെ ഉപദേശിക്കാനും നമുക്കു കഴിയാറുണ്ട്. എന്നാൽ അതേ പ്രശ്നങ്ങൾ നമ്മളെ ബാധിക്കുമ്പോൾ, നമ്മൾ അവയ്ക്ക് മുന്നിൽ തളർന്നു പോകുന്നു. എന്നും എന്റേത് എന്നുമുള്ള ഭാവമാണ് ഇതിനു കാരണം. 
ബസ്സിൽ യാത്ര ചെയ്യുമ്പോൾ എത്രയോ നല്ല വസ്തുക്കളെ കാണുന്നു. നല്ല വീട്, നല്ല പുഷ്പങ്ങൾ, നല്ല കെട്ടിടങ്ങൾ, നല്ല പൂന്തോട്ടങ്ങൾ. അതുപോലെതന്നെ മനസ്സിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളും കണ്ടെന്നിരിക്കും. എന്നാൽ ഒന്നും നമ്മളെ ബന്ധിക്കാറില്ല. ഒരു കാഴ്ചക്കാരനെപ്പോലെ എല്ലാം കണ്ട് അങ്ങനെ മുന്നോട്ടു പോവുകയാണ്. കാരണം നമ്മുടെ ലക്ഷ്യം അവയൊന്നുമല്ല എന്നു നമുക്കറിയാം. ഇതേപോലെ മനസ്സിൽക്കൂടി കടന്നുപോകുന്ന ചിന്തകളെയും കാണാൻ കഴിയണം. സകലതും കാണുക, പക്ഷേ ഒന്നുമായും ബന്ധിക്കാതിരിക്കുക. അതാണു വേണ്ടത്.
ഒരു നദി ശക്തമായി ഒഴുകുകയാണു. വെള്ളം മാത്രമല്ല പല വസ്തുക്കളും അതിലൂടെ ഒഴികിപ്പോകുന്നു. മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നു അതെല്ലാം നദിയുടെ സ്വഭാവമാണ്. 
നദിയിലേക്കു ചാടാതെ തീരത്തിരുന്നു നോക്കിയാൽ ഇവയെല്ലാം നമുക്കു ആനന്ദമേകും. എന്നാൽ നദിയിൽ എടുത്തു ചാടിയാലോ, നമ്മളും ആ ഒഴുക്കിൽപ്പെട്ടു അപകടത്തിലാകും, മുങ്ങി മരിച്ചെന്നും വരാം. ഇങ്ങനെ മനസ്സിന്റെ ഒഴുക്കിൽപ്പെടാതെ സാക്ഷിയെപോലെ കഴിയണം. ചിന്തകൾ വരികയും പോകുകയും ചെയ്യുന്നത് മനസ്സിന്റെ സ്വഭാവമാണു, അതൊന്നും ആത്മാവിനു ബാധകമല്ല എന്നറിഞ്ഞ് നിസ്സംഗനായിരിക്കുക. ജീവിതത്തിന്റെ ഒഴുക്കിന് സാക്ഷിയാവുക.