kerala-government

രക്ഷാപ്രവർത്തനത്തിന് പുത്തൻ അർത്ഥതലങ്ങൾ കൈവരുന്ന കാലമാണിത്. അത്യാഹിതത്തിലോ ദുരന്തത്തിലോ പെട്ടുപോകുന്നവരുടെ ജീവൻ രക്ഷിക്കാൻ നടത്തുന്ന പ്രവർത്തനത്തെയാണ് പണ്ടുകാലം മുതലേ രക്ഷാപ്രവർത്തനം എന്നറിയപ്പെടുന്നത്. നവകേരള സദസിന്റെ യാത്രയ്ക്കിടെ കരിങ്കൊടിയുമായി ബസിനു മുന്നിൽ ചാടിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും കായികമായി നേരിട്ട സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 'രക്ഷാപ്രവർത്തനം" എന്നുപറഞ്ഞ് ന്യായീകരിച്ചതാണ് ഇപ്പോൾ ചർച്ചാ വിശയമായിരിക്കുന്നത്.

കണ്ണൂർ പഴയങ്ങാടിയിൽ തനിക്കുനേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മുഖ്യമന്ത്രി മുക്തകണ്ഠം പ്രശംസിച്ചത് കേട്ടവർ അമ്പരന്നു. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി തളിപ്പറമ്പിലേക്ക് പോകുമ്പോൾ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹെൽമറ്റും പരിസരത്തുണ്ടായിരുന്ന ചെടിച്ചട്ടികളും എടുത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. തടയാതെ പൊലീസുകാരും മർദ്ദനത്തിൽ പങ്കു ചേർന്നു. എന്നാൽ താൻ നേരിട്ട് കണ്ടതാണെന്നും ബസിനു മുന്നിലേക്ക് എടുത്ത് ചാടിയവരുടെ ജീവൻ രക്ഷിക്കാനായി പിടിച്ചുമാറ്റുന്ന മാതൃകാപരമായ പ്രവർത്തനമാണ് ഡി.വൈ.എഫ്.ഐക്കാർ നടത്തിയതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മാതൃകാപരമായ അത്തരം രക്ഷാപ്രവർത്തനം തുടരണം എന്നുകൂടി പറഞ്ഞതോടെ അക്രമികൾക്ക് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി കുടപിടിക്കുകയാണോയെന്ന് ആശ്ചര്യത്തോടെയാണ് കേരളം നോക്കിക്കണ്ടത്. പിന്നീട് ഓരോ ജില്ലയിലും 'രക്ഷാപ്രവത്തനം" തുടർന്നപ്പോൾ നവകേരള സദസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്ന് തന്നെ വ്യതിചലിക്കുന്നുവെന്ന പ്രതീതിയാണുണ്ടായത്.

കേരളത്തിലെ ഇടത്, വലത് സർക്കാരുകൾ കഴിഞ്ഞ കുറെക്കാലമായി നടത്തിവരുന്ന മറ്റൊരു 'രക്ഷാപ്രവർത്തന" ത്തിന്റെ യാഥാർത്ഥ്യമാണിപ്പോൾ ചർച്ചയ്ക്ക് വിഷയമാകുന്നത്. സാമൂഹികക്ഷേമ പെൻഷൻ വാങ്ങാനായി പ്രതീക്ഷയോടെ ലക്ഷക്കണക്കിന് പാവങ്ങൾ കാത്തിരുന്നെങ്കിലും അഞ്ചുമാസത്തെ കുടിശ്ശികയിൽ നിന്ന് വെറും ഒരുമാസത്തെ കുടിശ്ശിക മാത്രം നൽകിയാണ് ക്രിസ്മസ് കാലത്ത് സ‌ർക്കാർ അവരോട് അനീതി കാട്ടിയത്. ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ ട്രഷറികളിൽ നിന്ന് പിൻവലിക്കാവുന്ന പണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുമ്പോഴാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആജീവനാന്തം പെൻഷൻ നൽകുന്നത്.

പേഴ്സണൽ സ്റ്റാഫ് വരും, പെൻഷനുമായി മടങ്ങും

സർക്കാർ ജോലി ലഭിക്കണമെങ്കിൽ പി.എസ്.സി പരീക്ഷയും ഇന്റർവ്യൂവും കടക്കണം. ഇതൊന്നുമില്ലാതെ, കാര്യമായ വിദ്യാഭ്യാസ യോഗ്യത പോലുമില്ലാതെ മുന്തിയ ശമ്പളത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫാകാം. എത്ര മനോഹരമായ ആചാരമെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു പെൻഷൻ സമ്പ്രദായം ഇന്ത്യാ മഹാരാജ്യത്തെ വേറെ ഏതെങ്കിലും സംസ്ഥാനത്തോ കേന്ദ്ര സർക്കാരിലോ കേട്ടുകേൾവി പോലുമില്ലാത്തതാണ്. ഇടതു വലതു മുന്നണികൾ മാറിമാറി ഭരിക്കുന്ന കേരളത്തിൽ ഇരുമുന്നണിയിലും പെട്ട രാഷ്ട്രീയ കക്ഷികൾ ഗുണഭോക്താക്കളായതിനാൽ ഇത്രയും കടുത്ത അനീതിയും കൊള്ളയും നടന്നിട്ടും അതിനെതിരെ കക്ഷിരാഷ്ട്രീയക്കാരാരും ഇന്നുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 35 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകരുള്ള സംസ്ഥാനമാണ് കേരളം. കഴിഞ്ഞ വർഷത്തെ നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷൻ പ്രശ്നം ഉയർത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആദ്യം വിസമ്മതിച്ചിരുന്നു. പേഴ്സണൽ സ്റ്റാഫിന് രണ്ടു വർഷത്തെ സേവനത്തിനു ശേഷം ഖജനാവിൽ നിന്ന് ജീവിതാന്ത്യം വരെ പെൻഷൻ നൽകുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണർ ഇടഞ്ഞത്. പെൻഷൻ നൽകുന്ന സമ്പ്രദായം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം, പാർട്ടിക്കാർക്ക് പെൻഷൻ നൽകേണ്ടത് സർക്കാർ ഖജനാവിൽ നിന്നല്ലെന്നും പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചതോടെ അവരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളും ആജീവനാന്തം പെൻഷൻ ഉറപ്പാക്കിയാണ് പടിയിറങ്ങിയത്. പുതിയ മന്ത്രിമാരായ കെ.ബി.ഗണേശ്കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും പേഴ്സണൽ സ്റ്റാഫുകളായി പുതിയ ആൾക്കാരെത്തും. ഇവർക്കും രണ്ടര വർഷം കഴിയുമ്പോൾ ജീവിതാന്ത്യം വരെ പെൻഷൻ നൽകുന്ന 'രക്ഷാപ്രവർത്തനം" ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. മുഖ്യമന്ത്രിയും മറ്റ് 20 മന്ത്രിമാരുമടക്കം 23 ക്യാബിനറ്റ് റാങ്കിലുള്ളവരുടെ പേഴ്സണൽ സ്റ്റാഫിൽ ആകെ 559 പേരുള്ളതിൽ 394 പേരുടേതും രാഷ്ട്രീയ നിയമനമാണ്. ഇവ‌രെല്ലാം രണ്ടര വർഷമാകുമ്പോൾ ആജീവനാന്ത പെൻഷന് അർഹരാകും. ഇപ്പോൾ പടിയിറങ്ങിയ ആന്റണി രാജുവിന്റെ 21 പേഴ്സണൽ സ്റ്റാഫിൽ 19 പേരും അഹമ്മദ് ദേവർകോവിലിന്റെ സ്റ്റാഫിലെ 25 പേരിൽ 21 പേരുടേതും രാഷ്ട്രീയ നിയമനമാണ്. ഇവരുടെ പെൻഷനായി 40 കോടി രൂപയാണ് ഒരു വർഷം വേണ്ടത്.

തുടക്കമിട്ടത് കെ.കരുണാകരൻ

1994ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ പദ്ധതിക്ക് തുടക്കമിട്ടത്. 2021ലെ പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം രണ്ടു വർഷവും ഒരു ദിവസവും പൂർത്തിയാക്കിയാൽ മിനിമം പെൻഷനായ 3,​450 രൂപയ്ക്ക് അർഹരാകും. പേഴ്സണൽ സ്റ്റാഫിലെ അഡിഷണൽ സെക്രട്ടറി റാങ്കിലുള്ളവർക്ക് 5,​500 രൂപയും പ്രൈവറ്റ് സെക്രട്ടറി റാങ്കിലുള്ളവർക്ക് 6,​000 രൂപയും പെൻഷൻ ലഭിക്കും. 7 ശതമാനം ഡി.എ, ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ, ക്വാർട്ടേഴ്സ് എന്നിവയും ലഭിക്കും. പേഴ്സണൽ സ്റ്റാഫുകളിൽ ഏറ്റവുമധികം ശമ്പളം പ്രൈവറ്റ് സെക്രട്ടറിക്കും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. (1,07,800- 1,60,000) പാചകക്കാരനാണ് കുറഞ്ഞ ശമ്പളം (23,000- 50,000).സംസ്ഥാന സർക്കാർ/ കേന്ദ്ര സർക്കാർ ജീവനക്കാർ 56 വയസിലോ 60ലോ വിരമിച്ച ശേഷമേ പെൻഷൻ ലഭിക്കുകയുള്ളു. സംസ്ഥാനത്തെ വിവിധ സാമൂഹിക ക്ഷേമ പെൻഷനുകൾക്കും 60 വയസ് കഴിയണം. അതേസമയം 20- 25 വയസിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ കയറുന്ന ഒരാൾ രണ്ടോ മൂന്നോ വർഷം സേവനം കഴിഞ്ഞ് പുറത്തിറങ്ങിയാൽ അന്നുമുതൽ മരണം വരെ പെൻഷൻ ലഭിക്കുന്നതാണ് യഥാർത്ഥ 'രക്ഷാപ്രവർത്തനം". മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെയൊക്കെ പേഴ്സണൽ സ്റ്റാഫിൽ കയറിക്കിട്ടിയാൽ ബമ്പർ ലോട്ടറി അടിച്ചത് പോലെയാണ്. ഗസറ്റഡ് തസ്തികയിൽ 1.60 ലക്ഷം രൂപ വരെ ശമ്പളം കിട്ടുന്ന ജോലിക്ക് എസ്.എസ്.എൽ.സി യോഗ്യത പോലും വേണമെന്നില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ യോഗ്യത വെറും എസ്.എസ്.എൽ.സി ആണ്. മുഖ്യമന്ത്രിക്ക് 26 പേരും പ്രതിപക്ഷ നേതാവിന് 13 പേരുണ്ട് പേഴ്സണൽ സ്റ്റാഫിൽ.

മറ്റൊരിടത്തും ഇല്ലാത്ത പെൻഷൻ

ഇന്ത്യയിൽ കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് സ‌ർക്കാർ പെൻഷനില്ല. കേന്ദ്ര മന്ത്രിമാർക്കും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരും സർക്കാർ സംവിധാനത്തിനകത്തുനിന്നാണ് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് പെൻഷൻ ലഭിക്കാൻ മിനിമം 10 വർഷത്തെ സർവീസ് വേണം. 30 വർഷം സർവീസുണ്ടെങ്കിൽ ഫുൾ പെൻഷനും അതിൽ കുറവാണെങ്കിൽ സർവീസ് കാലയളവനുസരിച്ചുള്ള പെൻഷനുമാണ് ലഭിക്കുക. ക്ഷേമ പെൻഷനുകൾ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പോലെ സർക്കാരിന്റെ നിയമപരമായ ബാദ്ധ്യതയല്ലെന്ന് മറിയക്കുട്ടി നൽകിയ കേസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻകാരെ രക്ഷിക്കുന്ന 'രക്ഷാപ്രവർത്തന" ദൗത്യം വാശിയോടെ ഏറ്റെടുക്കുന്നത്.