mother

സിഡ്നി: നിയമപോരാട്ടത്തിനൊടുവിൽ ഭർത്താവ് മരിച്ച 62കാരിക്ക് ഇനിയും അമ്മയാകാമെന്ന് കോടതി വിധി. ഭർത്താവിന്റെ ബീജം ശേഖരിച്ച് വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകാനുളള അവസരമാണ് സ്ത്രീക്ക് ലഭിച്ചിരിക്കുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 17നാണ് ഇവരുടെ ഭർത്താവ് മരിച്ചത്. തുടർന്നാണ് ഭർത്താവിന്റെ ബീജത്തിലൂടെ അമ്മയാകണമെന്ന ആവശ്യവുമായി 62കാരി ആശുപത്രിയെ സമീപിച്ചത്.

ഭർത്താവിന്റെ ബീജം ശേഖരിച്ചുവയ്ക്കണമെന്നും ഇവർ അധികൃതരോട് അവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ അനുമതിയില്ലാതെ ബീജശേഖരണം നടത്തില്ലെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. മരിച്ചയാളിൽ നിന്നും രണ്ട് ദിവസങ്ങൾക്കുളളിൽ ബീജം ശേഖരിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തുടർന്ന് ഇവർ വെസ്​റ്റേൺ ഓസ്‌ട്രേലിയിലെ കോടതിയിൽ അനുമതിക്കായി സമീപിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ ബീജം ശേഖരിച്ച് സൂക്ഷിക്കാമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ വാടക ഗർഭധാരണത്തിനായി കോടതിയുടെ പ്രത്യേക അനുമതി വേണമെന്ന് കോടതി നിർദ്ദേശിച്ചു. ഗർഭധാരണവുമായി ബന്ധപ്പെട്ട് 62കാരി സമർപ്പിച്ച ഹർജിയിൽ അനകൂലമായ വിധി ഡിസംബർ 22ന് ഉത്തരവായി.

2019ൽ ദമ്പതികളുടെ 31 വയസുളള മകൻ കാറപകടത്തിൽ മരിച്ചിരുന്നു. പിന്നാലെ 29കാരിയായ മകൾ ഒരു ബോട്ടപകടത്തിലും മരണപ്പെട്ടു. ഇതിനുശേഷമാണ് ദമ്പതികൾ മൂന്നാമതൊരു കുഞ്ഞിനായി തീരുമാനമെടുത്തത്. മൂന്നാമതൊരു കുഞ്ഞ് ഭർത്താവിന്റെ ആഗ്രഹമായിരുന്നുവെന്നും അതിനുവേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും 62കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇത് ഓസ്‌ട്രേലിയയിലെ ആദ്യ സംഭവമല്ല. കഴിഞ്ഞ ജൂണിലും സമാന സംഭവം നടന്നിരുന്നു. അപകടത്തിൽ മരിച്ച 29 കാരന്റെ ബീജം ശേഖരിച്ച് ഗർഭം ധരിക്കുന്നതിന് ഭാര്യയ്ക്കും കോടതി പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.