anjali-patil

മുംബയ്: സൈബര്‍ പൊലീസ് ചമഞ്ഞ് ബോളിവുഡ് നടിയില്‍ നിന്ന് തട്ടിയത് 5.79 ലക്ഷം രൂപ. കൊറിയര്‍ കമ്പനിയുടേയും സൈബര്‍ പൊലീസിന്റേയും പേരില്‍ നടി അഞ്ജലി പാട്ടീലിനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. കഴിഞ്ഞയാഴ്ചയാണ് മുംബയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഫെഡ്എക്‌സ് കൊറിയര്‍ സര്‍വീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് ദീപക് ശര്‍മ്മയെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ നടിയുടെ ഫോണില്‍ ബന്ധപ്പെട്ടത്. തായ്‌വാനിലേക്ക് മുംബയ് വിമാനത്താവളം വഴി പാഴ്‌സലായി കടത്താന്‍ ശ്രമിച്ച ലഹരി മരുന്നുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ് നടിയെ അറിയിച്ചത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പാഴ്‌സല്‍ പൊട്ടിച്ച് പരിശോധിച്ചപ്പോള്‍ നടിയുടെ ആധാര്‍ കാര്‍ഡ് ലഭിച്ചെന്നും വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ മുംബയ് സൈബര്‍ പൊലീസിനെ ബന്ധപ്പെടാനും ദീപക് ശര്‍മ്മ നടിയോട് നിര്‍ദേശിച്ചു.

തുടര്‍ന്ന് സ്‌കൈപ്പില്‍ മുംബയ് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബാനര്‍ജിയെന്നയാള്‍ നടിയെ വിളിച്ചു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നടിയുടെ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ അറിയിച്ചത്. നിരപരാധിത്വം തെളിയിക്കാന്‍ ചില നടപടിക്രമങ്ങളുണ്ടെന്നും പ്രൊസസിംഗ് ഫീസ് ഇനത്തില്‍ 96,525 രൂപ അടയ്ക്കണമെന്നും ഇയാള്‍ നടിയോട് പറഞ്ഞു.

ബാങ്കിലെ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും മറ്റ് നിയമനടപടികള്‍ ഒഴിവാക്കുന്നതിന് 4,83,291 രൂപ കൂടി അടയ്ക്കണമെന്നും ബാനര്‍ജി നടിയോട് ആവശ്യപ്പെട്ടു. ഇതിനായി പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഒരു അക്കൗണ്ട് നമ്പറും കൈമാറി.

പണം നല്‍കി ഒരാഴ്ച കഴിഞ്ഞാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് നടിക്ക് ബോധ്യമായത്. തുടര്‍ന്ന് മുംബയ് ഡി.എന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ വിഷയം ചൂണ്ടിക്കാണിച്ച് അഞ്ജലി പരാതി നല്‍കുകയും ചെയ്തു.