abiu-fruit

ഇളനീർക്കാമ്പിന്റെ രുചിയുള്ള മഞ്ഞ നിറമുള്ള അബിയു വിളവെടുക്കുന്നതിന്റെ ഉത്സാഹത്തിലാണ് കൽപ്പറ്റ പുഴമുടി സ്വദേശി ശോഭയിൽ രമേശും കുടുബവും. പരീക്ഷണാടിസ്ഥാനത്തിൽ രണ്ടര വർഷം മുൻപ് നട്ട മരങ്ങളിൽ ഇപ്പോൾ നിറയെ കായ്കളാണ്. തോട്ടം നിറയെ ആകർഷകമായ മഞ്ഞനിറത്തിൽ നിറഞ്ഞ അബിയു കാർഷിക മേഖലയിൽ പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. ഒരു വർഷം കഴിയുമ്പോഴേക്ക് വിളവെടുക്കാൻ കഴിയുന്ന വിദേശ പഴമാണിത്. ഇളനീർക്കാമ്പിന്റെ രുചിയാണ് പഴത്തിന്.


24 തൈമരങ്ങൾ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. കഴിഞ്ഞവർഷം ഒന്ന് രണ്ട് കൈകളിൽ മാത്രമായിരുന്നു കായ ഉണ്ടായത്. ഈ വർഷം എല്ലാ മരങ്ങളും കഴിച്ചു. തെക്കേ അമേരിക്കയാണ് സ്വദേശം.രണ്ടര വർഷം മുൻപ് കൽപ്പറ്റയിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന കടയിൽ നിന്നുമാണ് രമേശിന് അബിയൂ പഴം ലഭിച്ചത്. വിത്ത് മുളപ്പിക്കുകയും ഇതിനുപുറമേ തൈനഴ്സറിയിൽ നിന്നും തൈകൾ ശേഖരിച്ച് കൃഷിയിടത്തിൽ നടുകയും ചെയ്തു.രണ്ട് മീറ്റർ മാത്രം ഉയരമുള്ള ചെടിയിൽ നിറയെ കായകളാണ് പച്ചയും പഴുത്തതുമായ പഴങ്ങൾ വിളഞ്ഞിരിക്കുന്ന കാഴ്ച കണ്ടാൽ ആപ്പിൾ തോട്ടം ആണന്നെ കരുതൂ.


വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിയാണിതെന്ന് രമേശ് പറയുന്നത്
അബിയു വ്യത്യസ്ത ഇനങ്ങളുണ്ട്. ഒരു മരത്തിൽ നിന്നും ശരാശരി 30 പഴങ്ങൾ വരെ ലഭിക്കുന്നുണ്ട്.പഴങ്ങൾക്ക് 600 ഗ്രാം വരെ തൂക്കമുണ്ട് .ഒക്ടോബറിലാണ് പൂവിട്ടു തുടങ്ങിയത്. ഘട്ടംഘട്ടമായാണ് പൂവിടൽ. നവംബറിൽ തുടങ്ങിയ വിളവെടുപ്പ് ജനുവരി അവസാനം വരെ നീളും. മാർക്കറ്റിൽ ഉയർന്ന വിലയുള്ള എക്‌സോട്ടിക് പഴമാണ് അബിയു. പോഷകമേന്മയും നല്ല രുചിയുമുള്ള അബിയു പഴങ്ങൾ എല്ലാ വീടുകളിലും നട്ടുവളർത്തണമെന്നും ഈ കർഷകൻ പറയുന്നു. സപ്പോട്ട, റംബുട്ടാൻ, മാങ്കോസ്റ്റീൻ, പേരയ്ക്ക ഓറഞ്ച്, തുടങ്ങി 25 ഓളം പഴവർഗ്ഗങ്ങൾ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഉണ്ട്.