gold

സ്വർണത്തിന് വില കുതിച്ചുയർന്നതോടെ കള്ളക്കടത്തും കൂടുതൽ സജീവമായി. ഗൾഫിൽ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന സ്വർണം നികുതിവെട്ടിച്ച് ഇന്ത്യയിലെത്തിക്കുമ്പോൾ കിട്ടുന്ന വൻ ലാഭമാണ് കള്ളക്കടത്തുസംഘങ്ങളെ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്. കസ്റ്റംസ് പരിശോധനയ്ക്ക് ആധുനിക യന്ത്രസംവിധാനങ്ങൾ വന്നതോടെ സ്വർണം ഒളിച്ചുകടത്താൻ സാധാരണ രീതികൾ പോരെന്നായി. ഒട്ടുംവൈകാതെ തന്നെ കടത്തുകാർ പുതിയ വഴികൾ കണ്ടെത്തി. അതിൽ നമ്പർ വൺ ആണ് മലദ്വാരത്തിലൊളിപ്പിച്ച് കടത്തുന്നത്. എളുപ്പത്തിൽ പിടിക്കപ്പെടില്ല എന്നതാണ് ഈ വഴിക്കുള്ള പ്രധാന ആകർഷണീയത. മാത്രമല്ല സ്വർണം അല്പംപോലും നഷ്ടപ്പെടുകയുമില്ല.സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നിരവധി പേരാണ് ഇത്തരത്തിൽ സ്വർണം കടത്തുന്നത്. ഇതിൽ ഏറെയും മലയാളികളും. മലദ്വാരത്തിനൊപ്പം ജനനേന്ദ്രിയത്തിലൊളിപ്പിച്ചും സ്ത്രീകൾ സ്വർണം കടത്തുന്നുണ്ടെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്.

നൽകുന്നത് സ്പെഷ്യൽ ട്യൂഷൻ,പഠിപ്പിക്കുന്നത് ഡാേക്ടർ

കേൾക്കുമ്പോൾ മലദ്വാരക്കടത്ത് എളുപ്പമാണെന്ന് തോന്നുമെങ്കിലും സംഗതി ഏറെ കഷ്ടപ്പാട് നിറഞ്ഞതാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. കടുത്ത പരിശീലനം ഉണ്ടെങ്കിലേ ഇത്തരത്തിലുള്ള കടത്ത് പൂർണമായും വിജയിപ്പിക്കാനാവൂ. പണംമോഹിച്ചാണ് ഒട്ടുമിക്കവരും കടത്തുകാരുടെ കാര്യേഴ്‌സാവാൻ തയ്യാറായി എത്തുന്നത്. എന്താണ് ചെയ്യേണ്ടെന്നതും ചെയ്യുന്ന ജോലിയുടെ റിസ്കും പറഞ്ഞ് മനസിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് പരിശീലനമാണ്. ശരീരത്തിനുള്ളിൽ കടക്കുന്ന അന്യവസ്തുക്കളെ പുറന്തള്ളാനുള്ള വഴി ശരീരം സ്വയം സ്വീകരിക്കും എന്നതിനാൽ അതിനെ പ്രതിരോധിക്കാനുള്ള വഴികൾ പഠിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിനായി ചെറിയ സാധനങ്ങൾ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കാൻ പഠിപ്പിക്കും. കടത്തുന്ന വസ്തു പ്രശ്നമൊന്നുമില്ലാതെ പൂർണമായി തിരികെ കിട്ടാനായി ഗർഭ നിരോധന ഉറയിൽ പൊതിഞ്ഞാണ് മലദ്വാരത്തിൽ കടത്തുന്നത്.

കോടികൾ മറിയുന്ന ഏർപ്പാടാണെന്നതിനാൽ കടത്ത് സംഘങ്ങൾ നിയമിച്ചിട്ടുള്ള ഡോക്ടറാവും പരിശീലനം നൽകുന്നത്. ചെറിയ ഐറ്റങ്ങൾ നിശ്ചിത സമയം പ്രശ്നമൊന്നുമില്ലാതെ ഉള്ളിൽ കൊണ്ടുനടക്കുന്നവർക്ക് തുടർന്ന് കൂടിയ അളവിലുള്ളവ കടത്താൻ പരിശീലനം നൽകും. ഇങ്ങനെ ഒരുകിലോയിൽ കൂടുതൽ ഉള്ളിലൊളിപ്പിക്കുന്നതോടെ പരിശീലനം വിജയകരമായി പൂർത്തിയാവും. ഇതിനായി ആഴ്ചകൾ മാത്രമാണ് വേണ്ടിവരിക.

ഒന്നാംഘട്ടം വിജയകരമായി പൂർത്തിയായാൽ ഉളളിലൊളിപ്പിച്ച സാധനങ്ങളുമായി മണിക്കുറുകളോളം എങ്ങനെ പ്രശ്നരഹിതമായി ഇരിക്കാമെന്നും നടക്കാമെന്നുമുളള പരിശീലനമാണ്. ഇതും വിജയകരമായി പൂർത്തിയാകുന്നതോടെ കടത്താനായി നിയോഗിക്കും.

ഉറയും സെല്ലോ ടേപ്പും അല്പം വെളിച്ചെണ്ണയും

ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർക്ക് ടിക്കറ്റ് എടുത്തുനൽകുന്നത് കടത്തുസംഘങ്ങൾ തന്നെയാണ്. സാധനം ലക്ഷ്യസ്ഥാനത്ത് എത്തിച്ചാൽ പറഞ്ഞുറപ്പിച്ച പണം കൃത്യമായി കൈയിലെത്തും. കടത്താനുളള സ്വർണക്കട്ടി സെല്ലോടേപ്പുകൊണ്ട് ആദ്യം പൊതിയും . പിന്നെ അത് ഗർഭ നിരോധന ഉറയ്ക്കുളളിൽ കടത്തി സുരക്ഷിതമാക്കും. ഇതിന് പുറത്ത് നന്നായി വെളിച്ചെണ്ണ നന്നായി പുരട്ടും. തുടർന്ന് മലദ്വാരത്തിനുള്ളിലേക്ക് കടത്തിവയ്ക്കും. നല്ല എക്സ്‌പീരിയൻസായുള്ള ആൾക്കാരാണ് ഇത് ചെയ്യുന്നത്. യാത്രയ്ക്കിടെ പുറത്തേക്ക് വന്ന് പ്രശ്നമുണ്ടാകാതിരിക്കാൻ ഐറ്റം പരമാവധി ഉള്ളിലേക്ക് കടത്തിയാവും വയ്ക്കുക. വയർ പരമാവധി ഒഴിപ്പിച്ചശേഷമായിരിക്കും ഇത് ചെയ്യുക. ഐറ്റം ലക്ഷ്യസ്ഥാനത്ത് എത്തിക്കുംവരെ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത് എന്നതാണ് കാരിയർമാർക്ക് നൽകുന്ന കർശന നിർദ്ദേശം.

gold1

വിജയകരമായ ഒരു കടത്തിന് വിമാനടിക്കറ്റിന് പുറമേ 20,000 മുതൽ 40,000 രൂപ വരെ പ്രതിഫലം ലഭിക്കും. ഇതിനൊപ്പം സ്പെഷ്യൽ ഗിഫ്റ്റായി മറ്റുചില ഐറ്റങ്ങളും ലഭിക്കും. സ്ഥിരം കാരിയർമാർക്കുപുറമേ നാട്ടിലേക്ക് മടങ്ങുന്ന പ്രാവസികളും മലദ്വാരക്കടത്തിൽ ഭാഗമാകുന്നുണ്ട്. വിമാന ടിക്കറ്റിന് ചെലവാകുന്ന പണം ലാഭിക്കാമെന്നതും വിജയകരമായി കടത്തുമ്പോൾ ലഭിക്കുന്ന വൻതുക പ്രതിഫലവുമാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്.

എടുക്കൽ എളുപ്പം

ഉളളിൽ കടത്താനും അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ഏറെ കഷ്ടപ്പാടാണെങ്കിലും ഐറ്റം മലദ്വാരത്തിൽ നിന്ന് പുറത്തെടുക്കാൻ വളരെ എളുപ്പമാണ്. കടത്തുകാർ നിയോഗിക്കുന്ന എക്സ്‌പെർട്ടുകളാണ് ഇത് ചെയ്യുന്നത്. കൂടിയ അളവിൽ പഴം കഴിപ്പിച്ചും വയറിളക്കാനുളള മരുന്നുനൽകിയുമൊക്കെയാണ് ഇത് ചെയ്യുന്നത്. പുറത്തുവരുന്ന സ്വർണം ശുചിയാക്കിയശേഷം കവർ പൊട്ടിച്ച് നൽകേണ്ടതും കാരിയേഴ്സിന്റെ ജോലിയാണ്. അത് തൂക്കിനോക്കി അളവ് കൃത്യമാണെങ്കിൽ അപ്പോൾ തന്നെ പ്രതിഫലം നൽകും. കുറവാണെങ്കിൽ ചിലപ്പോൾ കടത്തുകാരൻ പുറംലാേകം കണ്ടെന്നും വരില്ല. സ്വർണം പുറത്തെടുക്കാൻ എന്തെങ്കിലും പ്രശ്നങ്ങളുടെണ്ടെങ്കിൽ ഡോക്ടറുടെ സേവനവും ലഭിക്കും. കടത്തിനിടെ പിടിക്കപ്പെട്ടാൽ ഐറ്റം പുറത്തെടുക്കുന്നതും ഡോക്ടർമാരായിരിക്കും.

gold2

സ്വർണം മാത്രമല്ല മയക്കുമരുന്നും

സ്വർണം മാത്രമാണ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയിരുന്നതെങ്കിൽ ഇപ്പോൾ എംഡിഎംഎ പോലുളള മാരക മയക്കുമരുന്നുകളും മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തുന്നുണ്ട്. പക്ഷേ, ഇത് അത്ര വ്യാപകമല്ല. സുരക്ഷിതമല്ലാത്ത മാർഗം എന്നതിനാലാണിതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.