
സിഡ്‌നി: രണ്ട് തവണ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ശേഷം അവിസ്മരണീയ തിരിച്ചുവരവ് നടത്തിയ പാകിസ്ഥാന്‍ ന്യൂ ഇയര്‍ ടെസ്റ്റില്‍ ഭേദപ്പെട്ട നിലയില്‍. സിഡിനിയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ ഒന്നാമിന്നിംഗ്‌സില്‍ 313 റണ്‍സ് നേടി. പാകിസ്ഥാന് വേണ്ടി ആമിര്‍ ജമാല്‍ (82), മുഹമ്മദ് റിസ്‌വാന്‍ (88), ആഗ സല്‍മാന്‍ (53) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി.
സ്‌കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍ മാത്രം ആയപ്പോള്‍ തന്നെ ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖ് (0), സയിം അയൂബ് (0) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. 26 റണ്‍സ് നേടിയ ബാബര്‍ അസമിന്റേതായിരുന്നു അടുത്ത ഊഴം. സൗദ് ഷക്കീല്‍ (4) റണ്‍സ് നേടി മടങ്ങിയപ്പോള്‍ ടീം സ്‌കോര്‍ 47ന് നാല് എന്ന നിലയിലായി. നായകന്‍ ഷാന്‍ മസൂദ് (35) റണ്‍സ് നേടി പുറത്തായി.
96ന് അഞ്ച് എന്ന നിലയില്‍ നിന്ന് മുഹമ്മദ് റിസ്‌വാന്‍, ആഗ സല്‍മാന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 94 റണ്‍സ് പാകിസ്ഥാനെ കരകയറ്റിയെങ്കിലും റിസ്‌വാനെ വീഴ്ത്തി പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ട് പൊളിച്ചു. ആഗ സല്‍മാന് പിന്നാലെ സാജിദ് ഖാന്‍ (15), ഹസന്‍ അലി (0) എന്നിവരും പെട്ടെന്ന് മടങ്ങിയപ്പോള്‍ സ്‌കോര്‍ 227ന് ഒമ്പത്.
ഇന്നിംഗ്‌സ് അധികം നീളില്ലെന്ന് തോന്നിച്ചിടത്ത് നിന്നാണ് തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ ഓള്‍റൗണ്ടര്‍ ആമിര്‍ ജമാല്‍ സ്‌കോര്‍ 300 കടത്തിയത്. പതിനൊന്നാമന്‍ മിര്‍ ഹംസ(7*)യെ കൂട്ടുപിടിച്ച് 86 റണ്‍സ് കൂട്ടുകെട്ടാണ് ജമാല്‍ തീര്‍ത്തത്. 97 പന്തുകള്‍ നേരിട്ട താരം ഒമ്പത് ഫോറും നാല് സിക്‌സറുകളും പായിച്ച ശേഷം പത്താമനായി പുറത്താകുകയായിരുന്നു.
മറുപടിയായി ഒരോവര്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വിക്കറ്റ് പോകാതെ ആറ് റണ്‍സ് എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ (6*), ഉസ്മാന്‍ ഖവാജ (0*) എന്നിവരാണ് ക്രീസില്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നായകന്‍ പാറ്റ് കമ്മിന്‍സാണ് ബൗളിംഗില്‍ തിളങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹേസില്‍വുഡ്, നാഥന്‍ ലയണ്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.