leopard

തിരുവനന്തപുരം: ക്രിസ്‌തുമസ്- പുതുവർഷ ആഘോഷങ്ങൾക്കായി തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ എത്തുന്നവർ നിരവധി പേരാണ്. ഇപ്പോഴിതാ വിനോദസഞ്ചാരികൾക്ക് പേടിസ്വപ്‌‌നമായി പൊന്മുടിയിൽ വീണ്ടും പുള്ളിപ്പുലിയിറങ്ങിയെന്ന വാർത്ത പുറത്തുവരികയാണ്. ഇന്ന് രാവിലെയാണ് പൊന്മുടി സ്‌കൂളിന് സമീപത്തായി പുലിയെ കണ്ടത്.

സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദിവസങ്ങൾക്ക് മുന്നെ പൊന്മുടിയിൽ പുലിയിറങ്ങിയിരുന്നു. ഇതിന് പിന്നാലെ വീണ്ടുമെത്തിയത് പ്രദേശത്ത് ആശങ്കയുയർത്തുകയാണ്.

ഡിസംബർ 26ന് രാവിലെ എട്ടരയോടെ കോൺസ്റ്റബിൾ രജിത്താണ് പൊന്മുടി പൊലീസ് സ്റ്റേഷനു സമീപത്തായി പുള്ളിപ്പുലിയെ കണ്ടത്. റോഡ് മുറിച്ചുകടന്ന പുള്ളിപ്പുലി വനത്തിലേക്ക് കയറിപ്പോയെന്നാണ് പൊലീസുകാരൻ പറഞ്ഞത്.

പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല.

പ്രദേശത്ത് തെരച്ചിലും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ പ്രദേശത്ത് പുള്ളിപ്പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. നേരത്തേ കുരങ്ങനെ പിടിക്കാൻ വൈദ്യുതി പോസ്റ്റിൽ കയറിയ പുള്ളിപ്പുലി ഷോക്കേറ്റ് ചത്തിരുന്നു. ക്രിസ്‌മസ് - പുതുവർഷ സീസണായതോടെ പൊന്മുടിയിൽ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം വീണ്ടും കണ്ടെത്തിയതോടെ നാട്ടുകാരും സഞ്ചാരികളും ഭീതിയിലാണ്. സ്റ്റേഷന് സമീപത്തും പൊന്മുടി സ്‌കൂളിന് സമീപത്തും മുമ്പ് പലതവണ പുലിയിറങ്ങി ഭീതി പരത്തിയിരുന്നു. പൊന്മുടി പത്താംവളവിന് സമീപം പുലി ഒരു കേഴമാനെ ഓടിച്ചുകൊണ്ടുപോകുന്നത് വിനോദസഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പൊന്മുടി എസ്റ്റേറ്റിലും പരിസരത്തും പുലി ഭീതി പരന്നിട്ടുണ്ട്.