
പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നു കൊടുത്ത റെയിൽവേ സ്റ്റേഷനും വിമാനത്താവളവും മറ്റ് പദ്ധതികളും അയോദ്ധ്യാ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന കാര്യത്തിൽ സംയമില്ല. നവീകരിച്ച അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് നിലവിൽ 10,000 യാത്രക്കാരെ ഉൾക്കൊള്ളാനാകും. നവീകരണം പൂർത്തിയാകുമ്പോൾ ശേഷി 60,000 ആകുമെന്നാണ് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയത്. സ്റ്റേഷന്റെ ഒന്നാം ഘട്ടം 240 കോടിയിലധികം ചെലവിലാണ് പൂർത്തിയാക്കിയത്.
മഹർഷി വാത്മീകി വിമാനത്താവളത്തിന് ആദ്യ ഘട്ടത്തിൽ പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. രണ്ടാം ഘട്ടത്തിൽ ഇത് 60 ലക്ഷമായി ഉയരും. 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ആദ്യഘട്ട നിർമ്മാണത്തിന് 1450 കോടിയിലധികം രൂപ ചെലവായി. ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന് സമാനം. ഉള്ളിലെ ഭിത്തികളിൽ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പെയിന്റിംഗുകൾ, ചുവർചിത്രങ്ങളും. ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കുന്ന
റാംപഥ്, ഭക്തിപഥ്, ധരപഥ്, ശ്രീരാമ ജന്മഭൂമി പാത എന്നീ നാല് റോഡുകളും വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന അയോദ്ധ്യ-സുൽത്താൻപൂർ നാലുവരിപാത, ശ്രീരാമ ജന്മഭൂമി വരെയുള്ള നാലുവരിപ്പാത, ബൈപ്പാസിനും നഗരത്തിലുമുള്ള റോഡുകൾ... ഇങ്ങനെ അയോദ്ധ്യ സ്വപ്‌ന നഗരിയായി മാറിക്കൊണ്ടിരിക്കുകയാണ്.

കോടിക്കണക്കിന് രൂപയാണ് രാമക്ഷേത്രത്തിന് ചുറ്റുമുള്ള വസ്‌തുവകകൾക്ക് ഇപ്പോഴുള്ള മൂല്യം. ഇന്ത്യയിലെ പ്രധാനപ്പെട്ട റിയൽ എസ്‌റ്റേറ്റ് ബിൽഡറായ അഭിനന്ദൻ ലോദ 1200 കോടി രൂപയുടെ നിക്ഷേപപദ്ധതിയാണ് അയോദ്ധ്യയിൽ നടപ്പാക്കുന്നത്. ക്ഷേത്ര നഗരിയിൽ നിന്ന് 12 മുതൽ 15 മിനുട്ട് ദൈർഘ്യം മാത്രമുള്ള സ്ഥലത്ത് 25 ഏക്കർ വിസ്‌തൃതിയിലാണ് അഭിനന്ദൻ ലോദയുടെ അപ്പാർട്ടുമെന്റുകൾ വരുന്നത്. പ്ളോട്ടഡ് ഡെവലപ്പ്‌മെന്റ് എന്നറിയപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് ഈ ജനുവരിയിൽ തുടക്കമിട്ടു. നിക്ഷേപകർക്ക് ലീസിനോ വിലയ‌്ക്കോ സ്ഥലം നൽകും. പ്രസ്തുത സ്ഥലത്ത് 2BHK, 3 BHK എന്നിങ്ങനെ അപ്പാർട്ടുമെന്റുകൾ പണിത് നൽകും. 1.25 കോടി മുതലാണ് വില ആരംഭിക്കുന്നത്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങിലേക്ക് മിനുട്ടുകൾ മാത്രമാണ് ദൂരം എന്നതാണ് മറ്റൊരു പ്രത്യേകത. രാജ്യത്തിന്റെ അദ്ധ്യാത്മിക തലസ്ഥാനമായി അയോദ്ധ്യ അധികം വൈകാതെ മാറുമെന്ന തിരിച്ചറിവ് വളരെ നേരത്തെ തന്നെ ഇത്തരം റിയൽ എസ്‌റ്റേറ്റ് നിക്ഷേപകർക്ക് ലഭിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടു കൂടി സന്ദർശകരുടെ അണമുറിയാത്ത ഒഴുക്കായിരിക്കും അയോദ്ധ്യയിലുണ്ടാവുകയെന്നും ഇവർക്ക് നിശ്ചയമുണ്ട്.
അയോദ്ധ്യയിലെ നാല് പ്രവേശന കവാടങ്ങളുടെ സംരക്ഷണവും സൗന്ദര്യവത്കരണത്തിനുമുള്ള പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഗുപ്തർ ഘട്ട്- രാജ്ഘട്ട് പ്രദേശത്തെ നവീകരണം, നയാ ഘട്ട് മുതൽ ലക്ഷ്മൺ ഘട്ട് വരെയുള്ള വിനോദ സഞ്ചാര സൗകര്യങ്ങൾ, രാം കി പൈഡിയിൽ സന്ദർശക ഗാലറി, രാം കി പൈഡി-രാജ് ഘട്ട് തീർത്ഥാടക പാത നവീകരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം, 2180 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ഗ്രീൻഫീൽഡ് ടൗൺഷിപ്പ്, 300 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന വസിഷ്ഠകുഞ്ച് ഭവന പദ്ധതി, പുതിയ ലക്‌നൗ-അയോദ്ധ്യ ദേശീയ പാത 27നുമുള്ള തറക്കല്ലിടൽ എന്നിവയെല്ലാം നിർവഹിച്ചാണ് പ്രാധാനമന്ത്രി അയോദ്ധ്യയിൽ നിന്ന് മടങ്ങിയത്.

ഇന്ത്യൻ റെയിൽവേയുടെ പുതിയ 'അമൃത് ഭാരത്' പരമ്പരയിലെ ആദ്യത്തെ ദർഭംഗ-അയോദ്ധ്യ-ആനന്ദ് വിഹാർ ടെർമിനൽ, മാൾഡ ടൗൺ-സർ എം. വിശ്വേശ്വരയ്യ ടെർമിനസ് (ബാംഗളൂരു) എക്‌സ്‌പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു.
ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ന്യൂ ഡൽഹി, അമൃത്‌സർ-ഡൽഹി, കോയമ്പത്തൂർ-ബംഗളൂരു കന്റോൺമെന്റ്, മംഗലാപുരം-മഡ്ഗാവ്, ജൽന-മുംബയ്, അയോദ്ധ്യ-ആനന്ദ് വിഹാർ ടെർമിനൽ വന്ദേഭാരത് എക്‌സ്‌പ്രസുകളും മോദി ഫ്ളാഗ് ഓഫ് ചെയ്‌തു. മേഖലയിലെ പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണ പദ്ധതികളും പൂർത്തിയാകുന്നതോടെ അയോദ്ധ്യ ഇന്ത്യയുടെ ഏറ്റവും വലിയ ഡിവോഷണൽ ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറുമെന്നതിൽ സംശയമില്ല.