namo

തൃശ്ശൂര്‍: 'സ്ത്രീശക്തി മോദിക്കൊപ്പം' പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. അഗത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം അല്‍പ്പസമയത്തിനകം ഹെലികോപ്റ്റര്‍ മാര്‍ഗം തൃശ്ശൂരിലെത്തും. കുട്ടനെല്ലൂര്‍ ഹെലിപ്പാഡിലെത്തുന്ന അദ്ദേഹം റോഡ് ഷോയില്‍ പങ്കെടുക്കും.

ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപമെത്തുന്ന പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ ബിജെപി നേതാക്കള്‍ സ്വരാജ് റൗണ്ടിലേക്കു വരവേല്‍ക്കും. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാല്‍, നടുവിലാല്‍ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും.

തേക്കിന്‍കാട് മൈതാനത്തില്‍ രണ്ട് ലക്ഷത്തോളം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പിച്ചച്ചട്ടിയെടുത്തു സമരം നടത്തിയ മറിയക്കുട്ടി, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം മിന്നുമണി, നടി ശോഭന തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

മൂന്ന് മണി മുതല്‍ നാലര മണിവരെയാണ് തൃശ്ശൂരില്‍ പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം കുട്ടനെല്ലൂരിലേക്ക് മടങ്ങിയെത്തും. തുടര്‍ന്ന് നെടുമ്പാശ്ശേരിയിലേക്ക് പോകും. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശ്ശൂര്‍ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

നടന്‍ സുരേഷ്ഗോപിയും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും റോഡ് ഷോയില്‍ പ്രധാനമന്ത്രിയെ അനുഗമിക്കും. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വലിയ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നത്.