
''എന്തുകൊണ്ടാണ് വളരെ അടുപ്പക്കാരായിരുന്നവർ തമ്മിലകന്നാൽ, അവരിരുവരും തമ്മിലുണ്ടാകുന്ന അകൽച്ച, അകലത്തേക്കാൾ അകലേക്കായി പോകുന്നതെന്ന് ആലോച്ചിട്ടുണ്ടോ?""
ഇപ്രകാരം പറഞ്ഞശേഷം പ്രഭാഷകൻ, സദസ്യരെ ഓരോരുത്തരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഭാവത്തിൽ നോക്കിക്കൊണ്ട് ചെറുപുഞ്ചിരിയോടെ ഇപ്രകാരം പറഞ്ഞു: ''ഇവിടെ, അടുപ്പക്കാർ എന്നതിന്റെ വ്യാപ്തിയിൽ വരുന്നവർ തീർച്ചയായും, ആഴമുള്ള വ്യക്തി ബന്ധങ്ങളായി നമ്മുടെ സമൂഹം കണക്കാക്കിയിരിക്കുന്ന ഭാര്യാഭത്രുബന്ധത്തിലുള്ളവരും, ഉറ്റ സുഹൃത്തുക്കളും, ഉത്തമ സുഹൃത്തുക്കളെന്നു കരുതിയിരുന്നവരുമാണ്. എന്തിനേറെ, പ്രണയ വിവാഹിതർ പോലും അകന്നുപോയാൽ, പരസ്പരമുള്ള ആരോപണങ്ങളുടെ തീവ്രത, ഒരു ജീവിക്കും താങ്ങാവുന്നതായിരിക്കില്ലല്ലോ! എന്തായിരിക്കാം ഇക്കൂട്ടർ ഇത്രയേറെ പരസ്പരം രോഷാകുലരാകാൻ കാരണമെന്ന് യുക്തിപൂർവം ആലോച്ചിട്ടുണ്ടോ? ""ഇതു പറഞ്ഞശേഷം പ്രഭാഷകൻ വളരെ വാത്സല്യ പൂർവമാണ് സദസ്യരെയെല്ലാവരെയും നോക്കിയത്. പലരുടേയും ഭാവ വ്യത്യാസവും, ശരീരഭാഷയിലെ വ്യത്യാസങ്ങളും അദ്ദേഹം, ആധുനിക സ്കാനിംഗ് സാങ്കേതികവിദ്യയിലൂടെ ഒപ്പിയെടുക്കുന്ന വിദഗ്ദ്ധന്റെ ഭാവത്തിലാണ് നിരീക്ഷണം നടത്തുന്നതെന്നത് സദസ്യരിൽ പലരും ശ്രദ്ധിച്ചു! അദ്ദേഹം തുടർന്നു:''കൊച്ചു കൊച്ചു കാരണങ്ങളായി സ്വന്തം നിലയിൽ ഇവർ ചിലതു പറയുമെങ്കിലും, അടിസ്ഥാന വിരോധ കാരണം വിലയിരുത്തിയാൽ, അവർ തമ്മിലെ യഥാർത്ഥ സൗഹൃദം നഷ്ടപ്പെട്ടതാണ് ദുരന്തകാരണമെന്ന് നമുക്ക് മനസ്സിലാകും.
അതിനാലാണ്, പ്രണയ വിവാഹ ദമ്പതികൾ തമ്മിലകന്നാൽ, അവരുടെ വിരോധ തീവ്രത പലപ്പോഴും സ്ഫോടനം പോലെ മാരകമായി മാറുന്നത്! അത്തരം വിരോധ സ്ഫോടനം സംഭവിച്ചാൽ, പണ്ട് തമ്മിൽ പ്രണയപരവശരായി കഴിഞ്ഞിരുന്ന കാലത്തെ ഒരു വാക്കോ, നോക്കോ, നിമിഷമോ യാതൊന്നും തന്നെ ഇക്കൂട്ടർ ഓർക്കില്ല! എന്തെല്ലാം മധുരസ്വപ്നങ്ങളാണ് തങ്ങൾ കണ്ടിരുന്നതെന്ന ഒരു സ്മരണപോലും അവർ ഇഷ്ടപ്പെടുന്നില്ല. അത്തരം ദാമ്പത്യങ്ങൾ തെറ്റിയാൽ, പിന്നെ മിക്കവരുടെയും ചിന്ത, എങ്ങനെ എതിരാളിയെ ഉന്മൂലനം ചെയ്യാമെന്നതു തന്നെയാണ്. അവരുടെ മനസിൽ കുടുംബകോടതിയും, അല്ലെങ്കിൽ, തങ്ങളുടെ കേസ് കൈകാര്യംചെയ്യുന്ന കോടതിയുമായിരിക്കും! ആഴമറിയാൻ പോലും കഴിയാതെ, കുഴഞ്ഞുമറിഞ്ഞ ഇത്തരം പ്രശ്നങ്ങൾ തലയിലേറ്റിയ ദമ്പതികൾ ഇതുകൊണ്ട് ആർക്കാണ് ഗുണമെന്നുപോലും ചിന്തിക്കുന്നില്ല. അല്ലെങ്കിൽ, ഇത്തരം സ്ഫോടനങ്ങൾ ഇരുകൂട്ടർക്കും മാരക ഫലങ്ങളാണ് സമ്മാനിക്കുന്നതെന്ന സത്യവുമവർ വിസ്മരിക്കുന്നു!""
പ്രഭാഷണം, സദസ്സിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രതീതിയുണ്ടാക്കിയെന്ന ഉൾവെളിച്ചം പോലെ, പ്രഭാഷകൻ ദാമ്പത്യ വിജയത്തിന്റെ ഒറ്റമൂലി മന്ത്രത്തിലേക്കാണ് പിന്നീട്, സദസ്യരുടെ ശ്രദ്ധക്ഷണിച്ചത്:''ഉന്നതഉദ്യോഗസ്ഥന്റെ ഭാര്യയായ ആ സാധുസ്ത്രീ, തന്റെ വീടിനുപുറത്തുള്ള ലോകമെന്തെന്നുപോലും അറിയാതെയാണ്, തികച്ചും അപരിചിതമായ നാട്ടിൽ കഴിഞ്ഞുവന്നിരുന്നത്. ഒരു ദിവസം, തന്റെ ഭർത്താവിനൊപ്പം, ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായി കാറിൽ യാത്ര ചെയ്ത് ഒന്നുരണ്ട് കിലോമീറ്റർ പോയപ്പോഴാണ് ഗ്യാസ് സ്റ്റവ് കെടുത്തിയോയെന്ന സംശയം പ്രിയ ഭർത്താവുമായി പങ്കിട്ടത്.
അയാൾ ഉടൻ തന്നെ ആ സാധുവിനെ വഴിയിലിറക്കിയിട്ട് മടങ്ങി വീട്ടിൽ പോയി സംശയം തീർക്കാൻ പറഞ്ഞു! ഒരു കൂസലുമില്ലാതെ അയാൾ കാറോടിച്ചു പോവുകയും ചെയ്തു! ഇവിടെ, അയാളുടെ ഒരു സുഹൃത്തായിരുന്നു ഇത്തരമൊരു സംശയം പ്രകടിപ്പിച്ചതെങ്കിൽ വഴിയിലിറക്കി വിടുമായിരുന്നോ?. പ്രണയിച്ച് ദമ്പതികളായവരും, ആലോചിച്ചുറപ്പിച്ചു ദാമ്പത്യ ജീവിതത്തിലേക്കു കടന്നുവന്നവരും, ഒറ്റമൂലിയായി ഒരിക്കലും നഷ്ടപ്പെടാതെ, പരസ്പര സൗഹൃദവും, വിശ്വാസവും നില നിറുത്തുക. ദാമ്പത്യ ജീവിതത്തിൽ ഒരാൾ, മറ്റൊരാളെക്കാൾ ഉന്നതിയിലായാലേ കാര്യങ്ങൾ വരുതിയിൽ നിൽക്കൂയെന്നൊരു ചിന്തക്കുസ്ഥാനമില്ല. ഇത്, ഭർത്താവിനും, ഭാര്യക്കും ഒരുപോലെബാധകമാണ് എന്നും ഓർക്കുക. പങ്കാളികൾ, തുല്യതയിൽ കഴിയേണ്ടവരും, നല്ല സുഹൃത്തുക്കളായി രിക്കേണ്ടവരുമാണ്.
യഥാർത്ഥ സൗഹൃദത്തിൽ ഉപാധികളില്ല! എന്നാൽ, ചിലർ കുടുംബബന്ധങ്ങൾ പോലും സൗഹൃദത്തോളം തീവ്രബന്ധമായി കാണുന്നുമില്ല!"" പ്രഭാഷണം അദ്ദേഹം അവസാനിപ്പിക്കുമ്പോൾ സദസ്യരിൽ, ദമ്പതികളായ ഓരോരുത്തരും തങ്ങളുടെ ഭാഗം കുറെക്കൂടി മെച്ചപ്പെടുത്തി മുന്നേറണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു.