mary

ആലപ്പുഴ: സിടി സ്കാൻ യന്ത്രം തകരാറിലായതോടെ ദുരിതത്തിലായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾ. സ്വകാര്യ സ്കാനിംഗ് സെന്ററുകളിൽ വലിയ തുക നൽകേണ്ട ബുദ്ധിമുട്ടനുഭവിക്കുകയാണ് പലരും. അടിയന്തര ചികിത്സയ്‌ക്കെത്തുന്നവരും ഇതോടെ വലിയ പ്രതിസന്ധിയിലായി.

ഇത്തരത്തിൽ മകന്റെ വയറുവേദനയ്‌ക്ക് ചികിത്സ തേടി ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിയതാണ് മേരി. സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചെങ്കിലും സ്കാനിംഗ് യന്ത്രം പ്രവർത്തിച്ചിരുന്നില്ല. ഒടുവിൽ പണം പലിശയ്‌ക്ക് വാങ്ങിയാണ് സ്വകാര്യ സ്ഥാപനത്തിൽ നിന്നും സ്കാൻ ചെയ്തത്. 6000രൂപയുടെ സ്കാൻ ചെയ്യുന്നതിനായി 10,000രൂപ പലിശയ്‌ക്കെടുത്തെന്നാണ് മേരി ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. മേരിയെപ്പോലെ നിരവധിപേരാണ് ദുരിതം അനുഭവിക്കുന്നത്.

1500രൂപ വരെയാണ് മെഡിക്കൽ കോളേജിൽ സ്കാനിംഗിന് ചെലവ് വരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ഇതിന് വലിയ തുക നൽകേണ്ടിവരും. ചികിത്സാ ആനുകൂല്യങ്ങൾ ഉള്ളവർക്കും പുറത്ത് പോയി സ്കാൻ ചെയ്യേണ്ട ഗതികേടാണ് . ചില രോഗികളെ ജനറൽ ആശുപത്രിയിലെത്തിച്ച് സ്കാൻ ചെയ്യുന്നുണ്ടെങ്കിലും ഇതിന് പ്രായോഗിക ബുദ്ധിമുട്ട് ഏറെയാണ്.

സ്കാനിംഗ് യന്ത്രത്തിലെ പിക്ചർ ട്യൂബ് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സ്കാനിംഗ് സെന്ററിന് മുന്നിൽ പ്രതിഷേധിച്ചു. ദിനംപ്രതി ഇരുന്നൂറിലധികം സ്കാനിംഗാണ് മെഡിക്കൽ കോളേജിൽ നടന്നിരുന്നത്. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്.