ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി ബന്ധപ്പെട്ട ഇടങ്ങളിൽ പരിശോധന നടത്തി. സോറന്റെ മാദ്ധ്യമ ഉപദേഷ്ടാവ് അഭിഷേക് പ്രസാദുമായി ബന്ധപ്പെട്ടയിടങ്ങളിലാണ് പരിശോധന. ഫസരീബാദ് ഡി.എസ്.പി രാജേന്ദ്ര ദുബെ, സാഹിബ് ഗഞ്ജ് ജില്ലാ കലക്ട‌ർ റാം നിവാസ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ഇ.ഡി നടപടി. റാം നിവാസിന്റെ രാജസ്ഥാനിലെ വസതിയിലും പരിശോധന നടന്നു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ഭൂമി കുംഭകോണക്കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹേമന്ദ് സോറന് ഇ.ഡി സമൻസ് അയച്ചിരുന്നു. ഏഴാം തവണയാണ് ഇതേ ആവശ്യത്തിന് സോറന് ഇ.ഡി സമൻസ് അയക്കുന്നത്. എന്നാൽ സമൻസ് നിയമവിരുദ്ധമാണെന്നും സ്വത്തിന്റെ വിശദാംശങ്ങൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഹേമന്ദ് സോറൻ അറിയിച്ചു.