siraj

കേപ്ടൗണ്‍: ആദ്യ ടെസ്റ്റിലെ ഇന്നിംഗ്‌സ് തോല്‍വിക്ക് ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ മറുപടി നല്‍കി ഇന്ത്യ. മുഹമ്മദ് സിറാജ് തീപ്പൊരിയായി മാറിയ ഒന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വെറും 55 റണ്‍സിനാണ് ഇന്ത്യ എറിഞ്ഞിട്ടത്. ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ആണ് ദക്ഷിണാഫ്രിക്കന്‍ കൂട്ടക്കുരുതിക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.

ഒമ്പത് ഓവര്‍ എറിഞ്ഞ സിറാജ് മൂന്ന് മെയ്ഡിനുകള്‍ ഉള്‍പ്പെടെ വെറും 15 റണ്‍സ് മാത്രം വഴങ്ങിയാണ് ആറ് വിക്കറ്റ് വീഴ്ത്തിയത്. 15 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ കൈല്‍ വെറൈന്‍, 12 റണ്‍സ് നേടിയ ഡേവിഡ് ബെഡിംഗാം എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്.

എയ്ഡന്‍ മാര്‍ക്രം (2) ഡീന്‍ എല്‍ഗാര്‍ (4), ടോണി ഡി സോര്‍സി (2), ഡേവിഡ് ബെഡിംഗാം (12), കൈല്‍ വെറൈന്‍ (15), മാര്‍ക്കോ ജാന്‍സന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് എറിഞ്ഞിട്ടത്. ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് (3), കേശവ് മഹാരാജ് (3), കാഗിസോ റബാഡ (5), നാന്ദ്രെ ബര്‍ഗര്‍ (4) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ സംഭാവന.