
കൃത്യമായി പഠിച്ച കാര്യങ്ങൾ പരീക്ഷാസമയത്തോ അല്ലെങ്കിൽ ക്ലാസിലെ അദ്ധ്യാപകരുടെ ചോദ്യങ്ങൾക്കോ പറയാൻ സാധിക്കാത്ത ഒട്ടുമിക്ക വിദ്യാർത്ഥികളുണ്ടാകും. അതിന് കുട്ടികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. രക്ഷിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങൾ നിഷ്പ്രയാസം പരിഹരിക്കാവുന്നതാണ്.
നമ്മുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ഓർമശക്തി കൂട്ടുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ദിവസേന കഴിക്കുകയാണെങ്കിൽ പ്രശ്നത്തിന് പരിഹാരം കാണാം. കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും താഴെ പറയുന്ന ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. നമ്മുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായകരമാകുന്ന ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
1. നിലക്കടല
നമുക്കേറെ സുപരിചിതമായ ഒന്നാണ് നിലക്കടല. നിരവധി പ്രോട്ടീനുകൾ,വിവിധ ആരോഗ്യകരമായ പോഷകങ്ങൾ തുടങ്ങിയവയുടെ കലവറയാണ് നിലക്കടല. ശരീരത്തിന് വിവിധ പോഷകങ്ങൾ പ്രധാനം ചെയ്യുന്നതോടൊപ്പം നമ്മുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനോടൊപ്പം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. നിലക്കടലയിൽ വിറ്റാമിൻ ഇ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
2. നെയ്യ്
നെയ്യിൽ വിറ്റാമിൻ ഡി, കെ, ഇ, എ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനോടൊപ്പം നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും. കൃത്യമായ അളവിൽ നെയ്യ് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചുമ, ജലദോഷം, ഫംഗസ് ബാധ തുടങ്ങിയവ തടയാൻ സഹായിക്കും.
3. ഡാർക്ക് ചോക്ലേറ്റ്
ആന്റിഓക്സിഡന്റുകളുടെ ഉറവിടമായ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. എന്നാൽ ടൈപ്പ് 2 പ്രമേഹമുളളവർ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്. ഇത് ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനോടൊപ്പം സ്ട്രോക്ക് പോലുളള അവസ്ഥ തടയാനും സഹായിക്കും.
4 മത്തി
മത്സ്യങ്ങളിൽ പോഷകസമ്പന്നമായ ഒന്നാണ് മത്തി. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പ്രോട്ടീൻ, നിരവധി വിറ്റാമിനുകൾ, സെലീനിയം, കാൽസ്യം തുടങ്ങിയവയും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. മത്തി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണുകൾ, തലച്ചോറ്, ഹൃദയം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും.