depression

തിരുവനന്തപുരം: പ്രണയനൈരാശ്യം, മാനസികപ്രശ്നം, ലഹരി ഉപയോഗം, കുടുംബപ്രശ്നം.. ആത്മഹത്യയിൽ അഭയംതേടുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. കൊവിഡിന് ശേഷം വർദ്ധിച്ച വിഷാദവും ഉത്കണ്‌ഠയും ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന് മന:ശാസ്ത്ര വിദഗ്ദ്ധർ. നാഷണൽ ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ 2022ലെ കണക്കിൽ ആത്മഹത്യാനിരക്കിൽ കേരളം നാലാം സ്ഥാനത്താണ് (ഒരു ലക്ഷത്തിൽ 28.5 പേർ).

സിക്കിം (43.1), ആൻഡമാൻ നിക്കോബാർ (42.8), പുതുച്ചേരി (29.7) എന്നിവയാണ് ആദ്യ മൂന്നുസ്ഥാനങ്ങളിൽ. ദേശീയ നിരക്ക് ഒരുലക്ഷത്തിന് പന്ത്രണ്ട് പേരാണ്.

2021നെ (9,​549 പേർ) അപേക്ഷിച്ച് 2022ൽ (10,​162) കേരളത്തിൽ ആത്മഹത്യാനിരക്ക് 6.4 ശതമാനം വർദ്ധിച്ചു. വിഷാദ രോഗങ്ങളടക്കം യഥാസമയം തിരിച്ചറിയാത്തതും ചികിത്സ തേടാത്തതുമൊക്കെ ആത്മഹത്യയ്ക്ക് ഇടയാക്കുന്നുവെന്ന് മന:ശാസ്ത്ര വിദഗ്ദ്ധർ പറയുന്നു. ലഹരിയുടെ അമിത ഉപയോഗവും ചിലരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.

കൊവിഡിനുശേഷം വിഷാദവും ഉത്കണ്‌ഠാ രോഗവും ലോകവ്യാപകമായി 25% വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് കൗമാരപ്രായക്കാരെയും സ്ത്രീകളെയുമാണ്. ഇന്ത്യയിൽ 85 ശതമാനത്തോളം പേരും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നില്ലെന്നും വിദഗ്ദ്ധർ പറയുന്നു.

കേരളത്തിൽ

ആത്മഹത്യാനിരക്ക്

2020.............................8,500

2021.............................9,549

2022..............................10,162

കാരണങ്ങൾ (2022ലെ കണക്ക്)

(പുരുഷൻ, സ്ത്രീ ക്രമത്തിൽ)

മാനസികരോഗം- 492, 197

ക്യാൻസർ- 183, 48

മറ്റ് ദീർഘകാല രോഗം- 828, 340

ലഹരി ഉപയോഗം- 1,043, 4

പ്രിയപ്പെട്ടവരുടെ മരണം- 127, 63

പ്രണയനൈരാശ്യം- 198, 96

തൊഴിലില്ലായ്‌മ- 10, 9

പ്രധാന നഗരങ്ങളിൽ

(2022ൽ)

തൃശ്ശൂർ................................... 489

കൊല്ലം................................... 472

തിരുവനന്തപുരം...............361

കൊച്ചി....................................347

കോഴിക്കോട്.......................284

മലപ്പുറം..................................146

''റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെ മുൻകൈയെടുത്ത് മാനസികാരോഗ്യ സാക്ഷരതയും ആത്മഹത്യാപ്രതിരോധ ബോധവത്കരണവും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്.

-ഡോ. അരുൺ ബി.നായർ

പ്രൊഫസർ ഒഫ് സൈക്യാട്രി

മെഡി.കോളേജ്,​ തിരുവനന്തപുരം