
അഹമ്മദാബാദ്: പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി സിംഹത്തിന് പരിക്ക്. അംരേളി ജില്ലയിലെ വിജപാടി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പാളം കുറുകെ മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് പെണ്‍സിംഹത്തിന് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മഹുവയില്‍ നിന്ന് സുരേന്ദ്രനഗറിലേയ്ക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. എട്ട് വയസ്സ് കണക്കാക്കുന്ന പെണ്‍സിംഹത്തെ ചികിത്സയ്ക്കായി അനിമല്‍ സെന്ററിലേക്ക് മാറ്റിയതായി ഗുജറാത്ത് വനംവകുപ്പ് അറിയിച്ചു.
സിംഹങ്ങളുടെ സുരക്ഷയ്ക്കായി വെറ്റിനറി ഡോക്ടര്‍മാര്‍, ആംബുലന്‍സ് സര്‍വീസുകള്‍, സ്പീഡ് ബ്രേക്കറുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, പെട്രോളിംഗ് ഉള്‍പ്പെടെ വിവിധ മുന്‍കരുതലുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
2020ലെ കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 2015-2020 കാലഘട്ടത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2015ല്‍ 523 ആയിരുന്ന സിംഹങ്ങളുടെ എണ്ണം 2020 ഓടെ 672 ആയി ഉയര്‍ന്നിരുന്നു. 29 ശതമാനം വര്‍ദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്.