ഇംഫാൽ: ഒരിടവേളയ്ക്കു ശേഷം വീണ്ടും അശാന്തമായ മണിപ്പൂരിൽ ഏർ‌പ്പെടുത്തിയ കർഫ്യു തുടരുന്നു. അതിനിടെ ലിലോംഗ് പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. അക്രമത്തിൽ അസ്വസ്ഥനാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ബിരേൻ സിംഗ് കേന്ദ്രം വീണ്ടും അഫ്സ്പ ഏർപ്പെടുത്തിയാൽ ഉത്തരവാദികളായിരിക്കുമെന്ന് അക്രമികൾക്ക് മുന്നറിയിപ്പ് നൽകി. നിയമം കൈയിലെടുക്കരുതെന്ന് നേരത്തേ അഭ്യർത്ഥിച്ചിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അധികാരികളെ അറിയിക്കണം. ഈ സാഹചര്യം വച്ചുപുലർത്താനാവില്ല. കേന്ദ്രസർക്കാർ നിശ്ശബ്ദരായി നോക്കി നിൽക്കില്ല. അക്രമം നടത്തരുതെന്നും ബിരേൻ സിംഗ് അഭ്യർത്ഥിച്ചു.

കുക്കികൾ ഏറെയുള്ള പ്രദേശങ്ങളിലാണ് അക്രമങ്ങളുണ്ടായത്. ഇൻഡിജിനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറം ഉൾപ്പെടെയുള്ള സംഘങ്ങൾ 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പൊലീസിന്റെ അക്രമം തുടരുകയാണെന്നും പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ലിലോംഗ് പ്രദേശത്തുണ്ടായ വെടിവയ്പിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.