pic

വാഷിംഗ്ടൺ: യു.എസിലെ മസാച്യുസെ​റ്റ്സിൽ ഇന്ത്യൻ വംശജരായ ദമ്പതികളെയും മകളെയും ആഡംബര വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. വിദ്യാഭ്യാസ കൺസൾട്ടിംഗ് മേഖലയിൽ പ്രവർത്തിച്ചിരുന്ന രാകേഷ് കമൽ (57) ഭാര്യ ടീനയേയും (54) മകൾ അരിയാനയേയും (18) വെടിവച്ചു കൊന്ന ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

ഡിസംബർ 28നാണ് ഡോവർ പട്ടണത്തിലുള്ള 41 കോടി രൂപ വിലമതിക്കുന്ന വസതിയിൽ മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രാകേഷിന്റെ മൃതദേഹത്തിനരികിൽ നിന്ന് തോക്ക് കണ്ടെത്തിയിരുന്നു. എന്നാൽ, തോക്ക് രാകേഷിന്റെ പേരിലുള്ളതല്ലെന്നും ഇതിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

2016ൽ ഭാര്യ ടീനയ്ക്കൊപ്പം രാകേഷ് സ്ഥാപിച്ച എഡ് - ടെക് കമ്പനിയായ എഡ്യുനോവ 2021ൽ പൂട്ടിയതോടെ കുടുംബം വൻ സാമ്പത്തിക പ്രതിസന്ധിയിലായി. കുടുംബത്തിന്റെ ആഡംബര വസതി ഒരു വർഷം മുമ്പ് ജപ്തി ചെയ്യപ്പെട്ടിരുന്നു.