
തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് അദ്ദേഹം വിമർശിച്ചു. ഇടതും കോൺഗ്രസും ഒറ്റ സഖ്യമായാണ് രംഗത്തുള്ളതെന്നും കേരളത്തിലെ "ഇന്ത്യ" സഖ്യത്തെ തോൽപിക്കുമെന്നും മോദി പറഞ്ഞു.
സ്വർണക്കള്ളക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് എല്ലാവർക്കുമറിയാമെന്നും ആരുടെ മുന്നിലും അത് ഒളിച്ചുവയ്ക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന പണത്തിന്റെ കണക്കുപോലും ചോദിക്കാൻ പാടില്ലെന്നതാണ് നയം. കണക്ക് ചോദിച്ചാൽ കേന്ദ്ര പദ്ധതികൾക്ക് തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മമാരേ സഹോദരിമാരേയെന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. ഇത്രയുമധികം വനിതകൾ തന്നെ അനുഗ്രഹിക്കാനെത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സ്ത്രിശക്തി മോദിക്കൊപ്പം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ശ്രദ്ധേയരായ വനിതകളെ മോദി അനുസ്‌മരിച്ചു. കൂടാതെ, ഗായിക നാഞ്ചിയമ്മ, പി.ടി ഉഷ, അഞ്ജു ബോബി ജോർജ് തുടങ്ങി രാജ്യത്തിന് മുന്നിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയ വനിതകളേയും പ്രകീർത്തിച്ചു. നാടിന്റെ പുത്രിമാർ എന്നാണ് ഇവരെ മോദി അഭിസംബോധന ചെയ‌്തത്.
സ്വാതന്ത്ര്യത്തിന് ശേഷം ഇടത് വലത് സർക്കാരുകൾ സ്ത്രീശക്തിയെ ദുർബലമായി കണ്ടുവെന്നും മോദി ആരോപിച്ചു. സത്രീകൾക്ക് ലഭ്യമാകേണ്ട സംവരണം പോലും അവർ മറച്ചുവച്ചു. എന്നാൽ തന്റെ സർക്കാർ നാരീ സംവരണം യാഥാർത്ഥ്യമാക്കിയെന്നും, മുത്തലാഖ് പോലുള്ള സമ്പ്രദായങ്ങൾ നിറുത്തലാക്കി രാജ്യത്തെ സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചുവെന്നും വ്യക്തമാക്കി.