
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ വീണത് 23 വിക്കറ്റുകൾ
ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ
മുഹമ്മദ് സിറാജിന് ആറു വിക്കറ്റ്, ബുംറയ്ക്കും മുകേഷിനും രണ്ട് വിക്കറ്റ് വീതം
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 153ന് പുറത്ത്, രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 62/3
കേപ്ടൗൺ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം മാത്രം വീണത് 23 വിക്കറ്റുകൾ.
പരമ്പര സമനിലയിലെങ്കിലുമാക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യമായ കേപ്ടൗണിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആസുരഭാവം കൈവരിച്ച ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് മുന്നിൽ ആദ്യ ഇന്നിംഗ്സിൽ വെറും 55 റൺസിന് ആൾഒൗട്ടാവുകയായിരുന്നു ദക്ഷിണാഫ്രിക്ക. ലഞ്ചിന് ശേഷം ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 153 റൺസിന് ആൾഒൗട്ടായപ്പോൾചായയ്ക്ക് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കസ്റ്റംപെടുക്കുമ്പോൾ 62/3 എന്ന നിലയിലാണ്. ഇപ്പോഴും 36 റൺസ് മുന്നിലാണ് ഇന്ത്യ.
ഒൻപത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 15 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സിറാജാണ് ദക്ഷിണാഫ്രിക്കയെ തവിടുപൊടിയാക്കിയത്. രണ്ട് വിക്കറ്റുകൾ വീതം നേടി മറ്റ് പേസർമാരായ ജസ്പ്രീത് ബൗംറയും മുകേഷ് കുമാറും സിറാജിനെ പിന്തുണയ്ക്കുകകൂടി ചെയ്തപ്പോഴാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്ക് എതിരായ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിൽ ആൾഒൗട്ടാകേണ്ടിവന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയറബാദയും എൻഗിഡിയും നാൻദ്രേ ബർഗറും ചേർന്നാണ് 153ലൊതുക്കിയത്. വിരാട് കൊഹ്ലി (46), രോഹിത് ശർമ്മ (39), ശുഭ്മാൻ ഗിൽ (36) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിൽക്കാനായത്.
ആദ്യ ടെസ്റ്റിലെ പരാജയത്തിന്റെ സമ്മർദ്ദവുമായി കേപ്ടൗണിൽ രണ്ടാം ടെസ്റ്റിനിറങ്ങിയ രോഹിത് ശർമ്മയെ ഇന്നലെ ടോസിന്റെ ഭാഗ്യം തുണച്ചില്ലെങ്കിലും സിറാജിന്റെ നേതൃത്വത്തിലുള്ള ബൗളർമാർ സെഞ്ചൂറിയനിലെ പിഴവുകൾക്കെല്ലാം പ്രായാശ്ചിത്തം ചെയ്യുകയായിരുന്നു. നാലാം ഓവറിൽ എയ്ഡൻ മാർക്രമിനെ (2) സെക്കൻഡ് സ്ളിപ്പിൽ യശ്വസി ജയ്സ്വാളിന്റെ കയ്യിലെത്തിച്ചാണ് സിറാജ് തുടങ്ങിയത്. തുടർന്ന് ഞൊടിയിടിയിൽ ദക്ഷിണാഫ്രിക്കയുടെ കഥ കഴിഞ്ഞു. തന്റെ അവസാന ടെസ്റ്റിൽ നായകനായി ഇറങ്ങിയ ഡീൻ എൽഗാറാ(4)യിരുന്നു സിറാജിന്റെ അടുത്ത ഇര. അരങ്ങേറ്റത്തിന് ഇറങ്ങിയ ട്രിസ്റ്റൻ സ്റ്റബ്സിനെ (3)രോഹിത് ശർമ്മയെ ഏൽപ്പിച്ച് ബുംറയും ആവേശം പകർന്നതോടെ ദക്ഷിണാഫ്രിക്ക 11/3 എന്ന നിലയിലായി.
എന്നാൽ സിറാജിന്റെ കൊടുങ്കാറ്റ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. തുടർച്ചയായി നാലുവിക്കറ്റുകൾ വീഴ്ത്തി ആഞ്ഞടിച്ച സിറാജിന് മുന്നിൽ ചീട്ടുകൊട്ടാരമാകാനായിരുന്നു ആതിഥേയരുടെ യോഗം. പത്താം ഓവറിൽ ടോണി ഡി സോർസിയെ (2) കീപ്പർ രാഹുലിന്റെ കയ്യിലെത്തിച്ച സിറാജ് 16-ാം ഓവറിൽ ഡേവിഡ് ബേഡിംഗ്ഹാമിനും മാർക്കോ ജാൻസനും (0) മടക്കടിക്കറ്റ് നൽകി. 18-ാം ഓവറിൽ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായ കൈൽ വെറൈനെ (15) ശുഭ്മാൻ ഗില്ലിന്റെ കയ്യിലെത്തിച്ച ശേഷമാണ് സിറാജ് ആക്രമണം അവസാനിപ്പിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്ക 45/7 എന്ന നിലയിലെത്തിക്കഴിഞ്ഞിരുന്നു. തുടർന്ന് 20-ാം ഓവറിൽ മുകേഷ് കേശവ് മഹാരാജിനെയും (3),23-ാം ഓവറിൽ ബുംറ നാൻദ്രേ ബർഗറെയും(4) പുറത്താക്കി. അടുത്ത ഓവറിൽ കാഗിസോ റബാദയെ (5) ശ്രേയസ് അയ്യരുടെ കയ്യിലെത്തിച്ച് മുകേഷ് ആതിഥേയ ഇന്നിംഗ്സിന് കർട്ടനിട്ടു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ യശ്വസി ജയ്സ്വാളിനെ (0) മൂന്നാം ഓവറിലെ ആദ്യ പന്തിൽ നഷ്ടമായെങ്കിലും അതിനകം തകർത്തടിച്ച് രോഹിത് (39)സ്കോർ ബോർഡിൽ 17 റൺസ് എത്തിച്ചിരുന്നു. തുടർന്ന് ശുഭ്മാൻ ഗില്ലിനെ (36) കൂട്ടി ലീഡിലെത്തിച്ചു. ടീം സ്കോർ 72ൽവച്ചാണ് രോഹിത് ബർഗറുടെ പന്തിൽ യാൻസന് ക്യാച്ച് നൽകി മടങ്ങിയത്. വിരാടും ഗില്ലും ചേർന്ന് 105ലെത്തിച്ചു. അവിടെവച്ച് ഗില്ലിനെ പുറത്താക്കിയ ബർഗർ പകരമിറങ്ങിയ ശ്രേയസ് അയ്യർക്ക് തന്റെ അടുത്ത ഓവറിൽ മടക്ക ടിക്കറ്റ് നൽകി. ഇതോടെ ഇന്ത്യ 110/4 എന്ന നിലയിലായി. വിരാടും കെ.എൽ രാഹുലും (8) ചേർന്ന് 33 ഓവറിൽ 153 /4ലെത്തിച്ചപ്പോഴാണ് അശനിപാതമായി എൻഗിഡി എറിഞ്ഞ 34-ാം ഓവറിൽ രാഹുൽ ,ജഡേജ (0), ബുംറ (0) എന്നിവരെ നഷ്ടമാകുന്നത്. ഇതോടെ ഇന്ത്യ 153/7 ആയി. അടുത്ത ഓവറിൽ റബാദ വിരാടിനെയും വിരാടിനെയും(0) സിറാജിനെയും (0) കൂടി പുറത്താക്കി ഇന്ത്യൻ ഇന്നിംഗ്സും അവസാനിപ്പിച്ചു. അവസാന ആറ് വിക്കറ്റുകൾക്കിടെ ഇന്ത്യയ്ക്ക് റൺസൊന്നും നേടാനായില്ല.
രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ആതിഥേയർക്ക് അവസാന ടെസ്റ്റ് ഇന്നിംഗ്സിനറങ്ങിയ നായകൻ ഡീൻ എൽഗാറിനെയും (12), ഡി സോർസിയേയുമാണ് (1)ആദ്യം നഷ്ടമായത്. മുകേഷാണ് ഇരുവരെയും മടക്കി അയച്ചത്.തുടർന്ന് സ്റ്റബ്സിനെ ബുംറ മടക്കി അയച്ചു.