
ടോക്കിയോ: ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 65 ആയി. 300ലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ 20 പേരുടെ നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടെ തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കും. ശക്തമായ മഴയും മണ്ണിച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. 31,800 ലേറെ പേർ ഷെൽട്ടറുകളിൽ തുടരുന്നു.
മേഖലയിൽ ഇന്നലെയും ചെറിയ തുടർ ചലനങ്ങൾ അനുഭവപ്പെട്ടു. ഇഷിക്കാവയിൽ ഇന്നലെ രാവിലെ 5.5 തീവ്രതയിൽ ചലനം രേഖപ്പെടുത്തി. തുടർചലനങ്ങളുടെ തീവ്രത 7 വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച മുതൽ ഏകദേശം 500 തുടർചലനങ്ങളാണുണ്ടായത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ മദ്ധ്യ ജപ്പാനിലെ നോട്ടോ ഉപദ്വീപിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നോട്ടോയുടെ വടക്കേ അറ്റത്തുള്ള വാജിമ നഗരം ഒറ്റപ്പെട്ടു. ഇഷിക്കാവയിൽ 13,000ത്തോളം ജനങ്ങൾ ജീവിക്കുന്ന സുസു നഗരത്തിലെ 90 ശതമാനം കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ തകർന്നു. ഭൂകമ്പ ബാദ്ധ്യത മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.