blast

ടെഹ്‌റാൻ: ഇറാനെ ഞെട്ടിച്ച് അതിശക്തമായ ഇരട്ടസ്‌ഫോടനം. സൈനിക ജനറലായിരുന്ന ക്വാസിം സുലൈമാനിയുടെ ചരമവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന് ആദരവർപ്പിക്കാൻ നിരവധി പേർ എത്തിച്ചേർന്നിരുന്നു. ഇതിനിടെയാണ് അതിശക്തമായ ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തിൽ 73 പേർ മരിച്ചതായും 170ലധികം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. നടന്നത് തീവ്രവാദി ആക്രമണമാണെന്ന് ഇറാൻ ആരോപിച്ചു. തെക്കൻ ഇറാനിലെ കെർമനിൽ സാഹേബ് അൽ സമാൻ പള്ളിയുടെ സമീപത്താണ് ഇറാൻ റവല്യൂഷണറി ഗാ‌‌‌ർഡ്‌സ് മേധാവിയായിരുന്ന ക്വാസിം സുലൈമാനിയുടെ ശവകുടീരം. ഇവിടെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. രണ്ടാമത് സ്‌ഫോടനം പള്ളിയിലാണ് ഉണ്ടായതെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.

സ്‌ഫോടനത്തിന് കാരണമായതെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചെന്ന് ചിലർ അഭിപ്രായപ്പെട്ടെങ്കിലും ഇക്കാര്യത്തിലും ഉറപ്പില്ല. 15 മിനിട്ടോളം വ്യത്യാസത്തിലായിരുന്നു സ്‌ഫോടനങ്ങൾ. ഇറാന്റെ ഇസ്ളാമിക റെവല്യൂഷണറി ഗാ‌ർഡ് കോ‌ർപ്‌സിലെ മേജർ ജനറലായിരുന്നു ക്വാസിം സുലൈമാനി. 2020 ജനുവരി മൂന്നിന് ഇറാഖിലെ ബാഗ്‌ദാദ് വിമാനത്താവളത്തിനുപുറത്തുവച്ച് യു എസ് ഡ്രോൺ ആക്രമണത്തിലാണ് ക്വാസീം കൊല്ലപ്പെട്ടത്. ഇറാഖിലെ ഇസ്ളാമിക് സ്റ്റേറ്റ് ഭരണകൂടത്തിനെതിരെ പ്രതിരോധത്തിലും അതേസമയം സിറിയയിൽ നടന്ന ആഭ്യന്തര കലാപത്തിൽ പ്രസിഡന്റ് ബാഷർ അൽ അസദ്ദിന് ശക്തിപകർന്നതും ക്വാസിം സുലൈമാനി നേതൃത്വം നൽകിയ ഖുദ്‌സ് സേനയാണ്.