iran

ടെഹ്‌റാൻ : ഇറാനിൽ ഉന്നത സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികദിനമായ ഇന്നലെ ഇരട്ട സ്ഫോടനത്തിൽ 103 പേർ കൊല്ലപ്പെട്ടു.ഇറാന്റെ ഇസ്ലാമിക് റെവലൂഷനറി ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

140 പേർക്ക് പരിക്കേറ്റു. തെക്കൻ നഗരമായ കെർമാനിലെ സാഹിബ് അൽ - സമാൻ പള്ളിക്ക് സമീപം സുലൈമാനിയെ അടക്കിയ കബറിട പരിസരത്ത് അനുസ്മരണ ചടങ്ങിനിടെയാണ് ആദ്യ സ്ഫോടനമുണ്ടായത്. സ്യൂട്ട്‌കേസുകളിൽ വച്ചിരുന്ന റിമോട്ട് കൺട്രോൾ ബോംബുകളാണ് പൊട്ടിയത്. ഭീകരാക്രമണമാണെന്ന് ഇറാൻ അധികൃതർ പറഞ്ഞു.

ഇസ്രയേൽ പിന്തുണയുള്ള ഗ്രൂപ്പാണ് സ്ഫോടനത്തിന് പിന്നിലെന്ന് ഇറാൻ വ‌ൃത്തങ്ങൾ ആരോപിച്ചു.

പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3.04 ഓടെ കബറിൽ നിന്ന് 700 മീ​റ്റർ അകലെ തിരക്കേറിയ റോഡിലായിരുന്നു ആദ്യ സ്ഫോടനം. 13 മിനി​റ്റിന് ശേഷം ഒരു കിലോമീ​റ്റർ അകലെ രണ്ടാം സ്ഫോടനമുണ്ടായി.

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ചിന്നിച്ചിതറി. മരണസംഖ്യ ഉയർന്നേക്കും. സുലൈമാനിയുടെ അനുസ്മരണത്തിന് ആയിരക്കണക്കിന് പേരാണ് ഒത്തുകൂടിയത്.

ക്രിസ്‌മസ് ദിനത്തിൽ സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റവലൂഷണറി ഗാർഡിന്റെ ഉന്നത കമാൻഡർ റാസി മുസാവി കൊല്ലപ്പെട്ടിരുന്നു. 2010 - 2012 കാലയളവിൽ ഇറാന്റെ ആണവപദ്ധതിയുടെ നാല് ശാസ്‌തജ്ഞരെ ഇസയേൽ വധിച്ചിരുന്നു.

സുലൈമാനി - ഇറാന്റെ

ജെയിംസ് ബോണ്ട്

 2020 ജനുവരി 3ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം ഇറാക്കിലെ ബാഗ്ദാദിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു

 ഇറാനിൽ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കഴിഞ്ഞാൽ ഏറ്റവും ശക്തൻ സുലൈമാനി ആയിരുന്നു

 ഇറാന്റെ ജെയിംസ് ബോണ്ടെന്ന് അറിയപ്പെട്ടു

 ഇറാൻ റെവലൂഷനറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മുൻ തലവൻ

 ഹമാസ്, ഹിസ്ബുള്ള, ഹൂതി ഗ്രൂപ്പുകളെ സുലൈമാനി സഹായിച്ചിരുന്നു

 സുലൈമാനിയെ ട്രംപ് വിശേഷിപ്പിച്ചത് ' ലോകത്തെ നമ്പർ വൺ തീവ്രവാദി ' എന്നാണ്

 ഇസ്ലാമിക് റെവലൂഷനറി ഗാർഡ്

ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ 1979ൽ സ്ഥാപിക്കപ്പെട്ട സായുധ സൈനിക വിഭാഗം. വിദേശ ഇടപെടൽ തടയുക, ആർമിയുടെ അട്ടിമറി നീക്കങ്ങൾ തടയുക, ഇസ്ലാമിക വിപ്ലവത്തിന്റെ പ്രത്യയ ശാസ്ത്രത്തിനെതിരായ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുക തുടങ്ങിയവയാണ് ചുമതലകൾ. ബഹ്‌റൈൻ, സൗദി അറേബ്യ, സ്വീഡൻ, യു.എസ് എന്നീ രാജ്യങ്ങൾ റെവലൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. കര,​ വ്യോമ,​ നാവിക വിഭാഗങ്ങളിലായി 2,50,000 അംഗങ്ങൾ.