
ടെഹ്‌റാൻ: ഇറാനിൽ ഇന്നലെയുണ്ടായ ഇരട്ട സ്ഫോടനത്തിന് പിന്നാലെ പശ്ചിമേഷ്യ സംഘർഷ ഭീതിയിൽ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്രയേൽ പിന്തുണയുള്ള ഗ്രൂപ്പാണ് പിന്നിലെന്നാണ് ഇറാന്റെ ആരോപണം. ഇതോടെ ഗാസയിൽ അരങ്ങേറുന്ന യുദ്ധത്തിൽ ഹമാസിനൊപ്പം ഇറാൻ സജീവമാകുമോ എന്ന ആശങ്കയുണ്ട്. അങ്ങനെയെങ്കിൽ യു.എസും സംഘർഷത്തിൽ ഇടപെട്ടേക്കും. പശ്ചിമേഷ്യ അസ്ഥിരമാകാൻ ഇത് കാരണമാകാം.
ഡിസംബർ 25ന് സിറിയയിലെ ഡമാസ്കസിന് സമീപം ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാൻ റെവലൂഷനറി ഗാർഡിന്റെ വിദേശ ഓപ്പറേഷൻ വിഭാഗമായ ഖുദ്സ് ഫോഴ്സിലെ മുതിർന്ന ഉപദേഷ്ടാവായിരുന്ന ജനറൽ സായിദ് റാസി മൗസവി കൊല്ലപ്പെട്ടു. ഇദ്ദേഹമാണ് ഇറാനും സിറിയയ്ക്കുമിടെയിൽ സൈനിക സഖ്യത്തെ ഏകോപിപ്പിച്ചിരുന്നത്. ഖുദ്സ് ഫോഴ്സിന്റെ മുൻ തലവൻ ഖാസിം സുലൈമാനിയുടെ അടുത്ത അനുയായി കൂടിയായിരുന്നു മൗസവി.
മൗസവിയുടെ വധത്തിൽ ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ഇന്നലെ ഇരട്ട സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ റെവലൂഷനറി ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. സുലൈമാനിയുടെ
നാലാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ കല്ലറയ്ക്ക് സമീപം അരങ്ങേറിയ സ്ഫോടനങ്ങൾ മുഖത്തേറ്റ പ്രഹരമായാണ് ഇറാൻ കാണുന്നത്.
ആണവ പദ്ധതിയുടെ പേരിൽ ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ,ജനക്കൂട്ടത്തെ ഒഴിവാക്കി ചിലരെ മാത്രം ലക്ഷ്യമിട്ടാണ് ദൗത്യം നടപ്പാക്കിയിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് അടക്കമുള്ള സുന്നി തീവ്രവാദ ഗ്രൂപ്പുകളും ഷിയാ ഭൂരിപക്ഷമുള്ള ഇറാനിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, താരതമ്യേന സമാധാനപരമായ മേഖലയാണ് സ്ഫോടനം നടന്ന കെർമാൻ.
2022 സെപ്തംബറിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മതകാര്യ പൊലീസിന്റെ മർദ്ദനമേറ്റ മഹ്സ അമിനി എന്ന 22കാരി മരിച്ചത് ഇറാനിൽ ജനകീയ പ്രക്ഷോഭത്തിന് വഴിവച്ചിരുന്നു. പ്രക്ഷോഭത്തിന് പിന്നാലെയുണ്ടായ ഭരണവിരുദ്ധ വികാരം ഇപ്പോഴും ഒരു വിഭാഗത്തിനിടെ തുടരുന്നുണ്ട്. ഗാസയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതർ എന്നിവരെ പിന്തുണയ്ക്കുന്ന ഇറാന് രാജ്യത്തിന് പുറത്തും നിരവധി സായുധ ഗ്രൂപ്പുകൾ ശത്രുക്കളായുണ്ട്.
യുദ്ധം ലെബനനിലേക്കും
ഇതിനിടെ, ഹമാസ് - ഇസ്രയേൽ യുദ്ധം ലെബനനിലേക്ക് വ്യാപിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നു. ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ ഉപതലവൻ സാലേഹ് അൽ - അരൂരി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിക്കുന്നു.
ഏത് സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ലെബനീസ് മണ്ണിൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്ന് ഹമാസിന്റെ സഖ്യകക്ഷി കൂടിയായ ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22,300 കടന്നു. ശക്തമായ പോരാട്ടങ്ങൾക്ക് വേദിയായ വടക്കൻ ഗാസയിലെ അൽ - ഷിഫ ആശുപത്രിയിൽ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിച്ചിരുന്നതായി യു.എസ് സ്ഥിരീകരിച്ചു.
ഹൂതി ആക്രമണം
ചെങ്കടലിൽ ഫ്രഞ്ച് കണ്ടെയ്നർ കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. കപ്പൽ ഇസ്രയേലിലേക്ക് പോവുകയായിരുന്നെന്ന് ഹൂതികൾ ആരോപിച്ചു. എന്നാൽ, ഈജിപ്റ്റിലേക്കാണ് പോയതെന്നും ആളപായമില്ലെന്നും കപ്പൽ അധികൃതർ അറിയിച്ചു.