
ഗുവാഹത്തി : പുതുവർഷാഘോഷങ്ങൾക്ക് എത്തിയ ഐ.ഐ.ടി വിദ്യാർത്ഥിനിയെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ബസാർഎരിയയിലെ ഹോട്ടലിലാണ് തെലുങ്കാന സ്വദേശി ഐശ്വര്യ പുല്ലൂരിയെ മരിച്ചനിലയിൽ കണ്ടത്. ഗുവാഹത്തി ഐ.ഐ.ടിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗം നാലാംവർഷ വിദ്യാർത്ഥിയാണ്. .
പുതുവത്സരാഘോഷങ്ങൾക്കായി ഡിസംബർ 31നാണ് സഹപാഠികളായ. മൂന്നുപേർക്കൊപ്പം ഐശ്വര്യ ഹോട്ടലിൽ മുറിയെടുത്തത്. അടുത്ത ദിവസം രാവിലെ ഐശ്വര്യയെ ടോയ്‌ലെറ്റിൽ അബോധാവസ്ഥയിൽ കണ്ടെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൊഴി നൽകിയത്. അവർ തന്നെയാണ് ഐശ്വര്യയെ ഗുവാഹത്തി മെഡിക്കൽ കോളേജിൽ എത്തിച്ചത് എന്നാൽ അപ്പോഴേക്കും വിദ്യാർത്ഥിനി മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു
ഐ.ഐ.ടിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥിനിയും സംഘവും രണ്ട് മുറികൾ ഓൺലൈനായി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിന് സമീപത്തെ പബ്ബിൽ പോയി മദ്യപിച്ച ശേഷം അർദ്ധ രാത്രിയോടെയാണ് സംഘം മുറികളിലേക്ക് മടങ്ങിയത്. മരണത്തിൽ ദുരുഹയുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതായും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.