pic

ബീജിംഗ്: തന്റെ വിരലിൽ കടിച്ച എലിയെ പിന്തുടർന്ന് പിടികൂടി തിരികെ കടിച്ച് പെൺകുട്ടി. കിഴക്കൻ ചൈനയിലെ ജിയാംഗ്ഷൂ പ്രവിശ്യയിൽ ഡിസംബർ 21നായിരുന്നു വിചിത്ര സംഭവം. പതിനെട്ടു വയസുള്ള പെൺകുട്ടി താൻ പഠിക്കുന്ന യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ മുറിയിൽ കയറിക്കൂടിയ എലിയെ കെണിക്ക് പകരം സ്വന്തം കൈകളാൽ പിടികൂടാൻ ശ്രമിക്കവെയായിരുന്നു സംഭവം.

പെൺകുട്ടിയുടെ പിടിയിലായ എലി ഉടൻ കൈവിരലിൽ കടിച്ചു. ദേഷ്യം വന്ന പെൺകുട്ടിയാകട്ടെ കൈയ്യിൽ നിന്ന് വഴുതിപ്പോയ എലിയെ വീണ്ടും പിടികൂടി അതിന്റെ തലയിൽ തിരികെ കടിച്ചു. എലി തത്ക്ഷണം ചത്തു. അതേ സമയം, എലി കടിച്ചതിന്റെ പേരിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്. എലിയെ കടിക്കുന്നതിനിടെയിൽ പെൺകുട്ടിയുടെ ചുണ്ടിൽ മുറിവേറ്റിരുന്നു.

മുറിവിൽ സംശയം തോന്നിയ ഡോക്ടർമാർ പെൺകുട്ടിയോട് വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഭവം വ്യക്തമായത്. പെൺകുട്ടിയുടെ ആരോഗ്യ നില തൃപതികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. വാർത്ത വൈറലായതോടെ നിരവധി പേരാണ് പെൺകുട്ടിയെ വിമർശിച്ച് രംഗത്തെത്തിയത്. ഇത്തരം പ്രവൃത്തികൾ വിവിധ പകർച്ച വ്യാധികൾക്ക് കാരണമാകുമെന്നും മറ്റുള്ളവരിലേക്ക് അത് പകരുമെന്നും ചൂണ്ടിക്കാട്ടുന്നു.